മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹവും അവിടുത്തെ ആളുകളുടെ പച്ചയായ ജീവിതത്തേയും മലയാള സിനിമയുടെ ചരിത്രമാക്കി മാറ്റിയിരിക്കുകയാണ് സക്കരിയ എന്ന പുതുമുഖ സംവിധായകന്‍. ‘സുഡാനി ഫ്രം നൈജീരിയ’ കണ്ടവരെല്ലാം ഓരോ കഥാപാത്രങ്ങളേയും നെഞ്ചേറ്റിക്കഴിഞ്ഞു. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രതീകങ്ങളായ ഉമ്മമാരും ഫുട്‌ബോളിനെ സ്വജീവനേക്കാള്‍ സ്‌നേഹിക്കുന്ന മജീദുമെല്ലാം ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. എന്നാല്‍ അവരെക്കാളെല്ലാം ഉപരിയായി ചിത്രം കണ്ടിറങ്ങിയ എല്ലാവരുടേയും പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നത് സുഡുമോന്‍ ആണ്.
സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയന്‍ താരം ഇന്ന് മലയാളികളുടെ സുഡുമോനാണ്. ഖദീജയേയും ബീയുമ്മയേയും പോലെ സുഡുമോനെ തങ്ങളുടെ സ്വന്തം മകനായി കേരളവും ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഈ അനുഭവത്തെ കുറിച്ച് സാമുവല്‍ റോബിന്‍സണ്‍ മനസു തുറക്കുന്നു.
പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികള്‍ക്ക് മുമ്പില്‍ ‘സുഡാനി ഫ്രം നൈജീരിയ’ പ്രദര്‍ശനം തുടരുകയാണ്. ആളുകളില്‍ നിന്നും ചിത്രത്തിന് ഇത്ര വലിയ അംഗീകാരവും പ്രശംസയും ലഭിക്കുമ്പോള്‍ എന്തു തോന്നുന്നു?
ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ല. ഇതിന് മുമ്പും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര ഊഷ്മളമായ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏറെ പ്രത്യേകതയുള്ളതാണ് ഈ സ്‌നേഹം. ചിത്രം റിലീസ് ചെയ്ത് നാല് ദിവസമായി. ഈ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഇത്രയുമധികം സ്‌നേഹവും അഭിനന്ദനവും ലഭിച്ചു. ഇനിയുള്ള നാളുകളെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലും കേരളത്തില്‍ വരാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഇവിടുത്തെ ആളുകള്‍ സ്‌നേഹവമുള്ളവരാണ്.
എങ്ങനെയായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’യിലേക്ക് എത്തുന്നത്?
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അഭിനേതാക്കള്‍ക്കായി ഓഡിഷന്‍ നടത്തിയിരുന്നു. കഥാപാത്രത്തിന് പറ്റിയ ആളെ തേടി അവര്‍ ഒരുപാട് അലഞ്ഞു. പല രാജ്യങ്ങളിൽ ഓഡിഷൻ നടത്തി. പക്ഷെ അവര്‍ക്ക് പറ്റിയ ആളെ കിട്ടിയില്ല. ആഫ്രിക്കന്‍ അമേരിക്കന്‍സ്, ഘാന, കോംങ്കോ അവിടെയൊക്കെ ഓഡിഷന്‍ നടത്തിയെങ്കിലും പറ്റിയ ആരേയും ലഭിച്ചില്ല. സംവിധായകന്‍ സക്കരിയ നൈജീരിയന്‍ താരങ്ങളെ അന്വേഷിക്കുന്നതിനിടെ എന്നെ കുറിച്ച് അറിയുകയും എന്റെ ചിത്രങ്ങള്‍ കാണുകയും ചെയ്തു. ഞാന്‍ കുറച്ച് ചിത്രങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. എന്റെ രാജ്യത്തില്‍ ഞാന്‍ പ്രശസ്തനായിരുന്നു. അങ്ങനെയവര്‍ എന്നെ ബന്ധപ്പെടുകയായിരുന്നു.
ആദ്യമായിട്ടാണല്ലോ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു?
ചിത്രത്തില്‍ എന്റെ കഥാപാത്രം ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ എനിക്ക് ഫുട്‌ബോള്‍ അറിയില്ല. വെറുതെ കളിക്കുമെങ്കിലും കാര്യമായിട്ടൊന്നും അറിയില്ല. അതുകൊണ്ട് നന്നായി തന്നെ തയ്യാറെടുക്കണമായിരുന്നു. ഫുട്‌ബോള്‍ പരിശീലിച്ചു. അതുപോലെ തന്നെ എന്റെ കഥാപാത്രം ചിത്രത്തില്‍ ഏറിയ ഭാഗവും ക്രച്ചസിലാണ് നടക്കുന്നത്. അത് നന്നായി കഷ്ടപ്പെട്ടാണ് പഠിച്ചത്.
ചിത്രത്തിന് വേണ്ടി മലയാളം പഠിച്ചിരുന്നുവോ?
മലയാളം പഠിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചിരുന്നു. പക്ഷെ സത്യം പറയാലോ മലയാളം കുറച്ച് കട്ടിയാണ്. പഠിക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള ഭാഷയാണത്. അതുകൊണ്ട് കുറച്ച് വാക്കുകള്‍ മാത്രമേ മലയാളത്തില്‍ പറയാന്‍ പഠിച്ചിട്ടുള്ളൂ.
ഏതൊക്കെയാണ് ആ വാക്കുകള്‍?
‘വെള്ളം’, ‘എന്താണ്’ ഇതു രണ്ടുമാണ് പറയാന്‍ പഠിച്ച മലയാളം വാക്കുകളില്‍ ചിലത്. പഠിക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള ഭാഷ തന്നെയാണ് മലയാളം.
കേരളത്തിലെത്തിയതിന് ശേഷം ഏതെങ്കിലും മലയാള സിനിമ കണ്ടിരുന്നുവോ?
കേരളത്തിലെത്തിയത് മുതല്‍ നല്ല തിരക്കായിരുന്നു. അതുകൊണ്ട് ഇതുവരേയും ഒരു മലയാളം സിനിമയും തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചിട്ടില്ല. പക്ഷെ ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമകളുടെ ഡിവിഡിയൊക്കെ ചിലര്‍ തന്നിട്ടുണ്ട്. അദ്ദേഹം ഇവിടുത്തെ സ്റ്റാര്‍ ആണല്ലോ. അതൊക്കെ നാട്ടിലെത്തിയിട്ട് വേണം കാണാന്‍. ‘ചാര്‍ലി’, ‘പറവ’, ‘കലി’ അതൊക്കെ കാണണം.
സംവിധാന രംഗത്ത് പുതുമുഖമാണ് സക്കരിയ. അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനം എങ്ങനെയായിരുന്നു?
അദ്ദേഹം വളരെ മികച്ചൊരു സംവിധായകനാണ്. ഞാനിന്നുവരെ വര്‍ക്ക് ചെയ്തിട്ടുള്ള സംവിധായകരില്‍ ഏറ്റവും മികച്ചവരിലൊരാളാണ് സക്കരിയെന്ന് നിസംശയം പറയാന്‍ സാധിക്കും. തന്റെ സിനിമയെ കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. സെറ്റില്‍ എല്ലായ്പ്പോഴും വളരെ സൗമ്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. വളരെ ഫോക്കസോടെ സിനിമ ചെയ്യുകയും എല്ലാ കാര്യവും കൃത്യമായി തന്നെ നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തുകയും ചെയ്യുന്ന സംവിധായകനാണ്. ആരോടും കയര്‍ത്ത് സംസാരിക്കുകയില്ല. ഒരു സംവിധായകനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ പരിചിതനായ സൗബിന്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. അദ്ദേഹത്തോടൊപ്പമുള്ള വര്‍ക്ക് എങ്ങനെയായിരുന്നു.?
സൗബിന്‍ ഒരു അസാമാന്യ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തമായൊരു രൂപം കാണാന്‍ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു എന്നതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹമൊരു നല്ല നടനാണ്. അതോടൊപ്പം തന്നെ നല്ലൊരു മനുഷ്യനുമാണ്. സെറ്റില്‍ സൗബിനുള്ളപ്പോള്‍ എല്ലാവരും ഹാപ്പിയായിരിക്കും. ഒരു സഹോദരനെയോ സുഹൃത്തിനെയോ പോലെയായിരുന്നു എന്നോട് അദ്ദേഹം പെരുമാറിയിരുന്നത്. വളരെ കെയറിങ് ആയിരുന്നു.
വാതിലിന്റെ പിന്നില്‍ മറഞ്ഞു നിന്നും മറ്റും പേടിപ്പിക്കുക, ഇക്കിളിയിട്ട് ചിരിപ്പിക്കുക അങ്ങനെയുള്ള സ്വഭാവമൊക്കെ സൗബിന്റെ കയ്യിലുണ്ട്. ഷൂട്ടിങ്ങിനിടെ എല്ലാവരും ടെന്‍ഷന്‍ അനുഭവിക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ സൗബിനായിരിക്കും തമാശയൊക്കെ പറഞ്ഞ് മൂഡ് മാറ്റുന്നത്. ഷൂട്ടിങ് കഴിഞ്ഞ് തളര്‍ന്ന് എത്തുമ്പോള്‍ എന്തെങ്കിലുമെക്കെ ചെയ്ത് എല്ലാവരേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
ചിത്രത്തില്‍ സൗബിനൊഴികെയുള്ള താരങ്ങളെല്ലാം ഏറെക്കുറെ പുതുമുഖങ്ങളാണ്. സാമുവലും ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു.
ഞാന്‍ സിനിമാ രംഗത്ത് അഞ്ച് വര്‍ഷമായിട്ടുണ്ട്. പതിനഞ്ചാം വയസുമുതലാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് സിനിമ എനിക്ക് പുതിയതല്ല. പക്ഷെ മലയാളത്തില്‍ ആദ്യമായിരുന്നു എന്ന് മാത്രം. കൂടെ അഭിനയിച്ചവരില്‍ ചിലരൊക്കെ നേരത്തെ നാടകങ്ങളില്‍ അഭിനയിച്ചതിന്റെ അനുഭവമുള്ളവരായിരുന്നു. എല്ലാവരും വളരെയധികം സ്‌നേഹമുള്ളവരായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങള്‍.
ചിത്രത്തില്‍ സൗബിന്റെ ഉമ്മയായി അഭിനയിക്കുന്നവര്‍ (സാവിത്രി ശ്രീധരന്‍) എപ്പോഴും അരികിലെത്തി ‘ഫുഡ്, ഫുഡ്’ എന്ന് ചോദിക്കുമായിരുന്നു. അവര്‍ക്ക് ആകെ അറിയുന്ന ഇംഗ്ലീഷ് അതായിരുന്നു. പക്ഷെ ഭാഷയൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല എന്നതാണ് വാസ്തവം. എല്ലാവരും നല്ല മനുഷ്യരെന്ന പോലെ തന്നെ നല്ല അഭിനേതാക്കളുമായിരുന്നു. വളരെ നാച്വറലായിരുന്നു അവരുടെയെല്ലാം അഭിനയം. അതുകൊണ്ട് തന്നെ ഒപ്പം അഭിനയിക്കാനും സുഖമായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മറക്കാനാകാത്ത അനുഭവങ്ങളെന്തെങ്കിലും?
ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം, ഷൂട്ടെല്ലാം അവസാനിപ്പിച്ച് എല്ലാവരും മടങ്ങുകയായിരുന്നു. ഞാന്‍ അന്ന് നൈജീരിയിലേക്ക് മടങ്ങി പോവുകയായിരുന്നു. അപ്പോള്‍ ‘സൗബിന്‍റെ ഉമ്മ’ എന്നെ വന്ന് ഇറുക്കെ കെട്ടിപ്പിടിച്ചു. വികാരഭരിതമായ നിമിഷമായിരുന്നു അത്. ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോഴേക്കും ഒരു കുടുംബം പോലെ ഞങ്ങളെല്ലാരും പരസ്‌പരം അടുത്തിരുന്നു. ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
ഫുട്‌ബോള്‍ താരത്തിന്റെയും ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്നവരുടെയും കഥയാണ് ‘സുഡാനി ഫ്രം നൈജീരിയ’. സാമുവല്‍ ഫുട്‌ബോള്‍ ആരാധകനാണോ?
തീര്‍ച്ചയായും. ഫുട്‌ബോള്‍ ലീഗുകളൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ ഈ ചിത്രത്തോടെ ഫുട്‌ബോളിനോടുളള സ്‌നേഹം കൂടിയിരിക്കുകയാണ്. ഒരു ഫാന്‍ എന്ന നിലയിലേക്ക് ഇപ്പോഴാണ് മാറിയത്.
‘സുഡാനി ഫ്രം നൈജീരിയ’യില്‍ സാമുവലിന് ഏറ്റവും പ്രിയപ്പെട്ട രംഗമേതാണ്?
ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ മജീദും സുഡുവും തങ്ങളുടെ ജഴ്‌സിയൂരി പരസ്‌പരം കൈമാറുന്നുണ്ട്. ഈ രംഗം ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ക്കിടിയിലെ സ്‌നേഹവും സൗഹൃദവും ആ സീനില്‍ നിന്നും വ്യക്തമാണ്. വാക്കുകള്‍ക്ക് അതീതമായ രംഗമാണത്.
കഴിഞ്ഞ ദിവസം താങ്കളുടെ വിക്കിപീഡിയ പേജിനെതിരെ ആക്രമണമുണ്ടായിരുന്നല്ലോ?
അതെ. ഇതാദ്യമായിട്ടല്ല ഇതുപോലൊരു സംഭവമുണ്ടാകുന്നത്. മാസങ്ങള്‍ക്ക് മുമ്പും സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. പക്ഷെ ഞാന്‍ അതിനെ ഗൗനിക്കുന്നില്ല. ഇത്തരക്കാര്‍ എല്ലായ്പ്പോഴും ഉണ്ടാകും. എന്റെ പബ്ലിസിറ്റിയെയാണ് അവര്‍ വെറുക്കുന്നത്. അതുകൊണ്ടാണ് വിക്കി പേജില്‍ ഇതുപോലെ എഡിറ്റ് ചെയ്യുന്നതൊക്കെ. അതിനെതിരെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയില്ല. പക്ഷെ ഞാന്‍ അതിനെ ഒന്നും കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ദാറ്റ്‌സ് ഇറ്റ്.
സുഡുമോന്റെ ഉമ്മമാര്‍: ‘സുഡാനി ഫ്രം നൈജീരിയ’യിലെ താരങ്ങള്‍
‘സുഡാനി ഫ്രം നൈജീരിയ’യേയും സുഡുവിനേയും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് എങ്ങും നല്ല അഭിപ്രായങ്ങള്‍ മാത്രം. ലഭിച്ച നല്ല വാക്കുകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് എപ്പോഴായിരുന്നു?
കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ഷോ കണ്ടതിന് ശേഷം കേരളത്തിലെ ചില മന്ത്രിമാര്‍ ചിത്രത്തെ പ്രശംസിച്ചിരുന്നു. എനിക്കും സിനിമയ്ക്കും ലഭിച്ച ഏറ്റവും മഹത്തായ അഭിനന്ദങ്ങളിലൊന്നായിരുന്നു അത്. മൂന്ന് മന്ത്രിമാരും ചിത്രത്തെ കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞത്. വളരെയധികം സന്തോഷവും അഭിമാനവും തോന്നി. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ അംഗീകാരമായി അതിനെ കാണുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് ഏറിയ പങ്കും മലപ്പുറത്തും കോഴിക്കോടുമായിരുന്നല്ലോ. അവിടുത്തെ ആളുകളുടെ സമീപനം എങ്ങനെയായിരുന്നു?
മലപ്പുറത്തും കോഴിക്കോടുമായിരുന്നു ചിത്രീകരണം കൂടുതലും. എഡിറ്റിങ്ങും മറ്റും നടന്നത് കൊച്ചിയിലും. മലപ്പുറത്തെ ആളുകളൊക്കെ ഒരുപാട് സ്‌നേഹമുള്ളവരാണ്. അവരൊക്കെ സിനിമയ്ക്ക് വേണ്ടി ഫുള്‍ സപ്പോര്‍ട്ടായിരുന്നു. ഫുട്‌ബോളിനോട് ഒരുപാട് സ്‌നേഹമുള്ളവരാണ്. അതുപോലെ തന്നെ നല്ല മനസുള്ളവരും. നല്ല പോസ്റ്റീവ് എനര്‍ജിയായിരുന്നു അവിടെ ഷൂട്ട് ചെയ്യുമ്പോള്‍. അത്രയ്ക്ക് നല്ല ആളുകള്‍.
കേരളത്തിലെത്തിയിട്ട് കേരള ഫുഡൊക്കെ ട്രൈ ചെയ്‌തോ?
കേരളത്തിലെത്തിയതു മുതല്‍ ഇവിടുത്തെ ഒരുപാട് ഫുഡ് ഐറ്റംസ് കഴിച്ചിട്ടുണ്ട്. പൊറോട്ട, ചിക്കന്‍ കറി, ദോശ, അപ്പം, പുട്ട് ഒക്കെ ട്രൈ ചെയ്തിട്ടുണ്ട്. പൊറോട്ടയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
എന്താണ് അടുത്ത പ്ലാന്‍? സിനിമകള്‍ ഏതെങ്കിലും തീരുമാനിച്ചോ?
കുറച്ച് നിര്‍മ്മാതാക്കളും സംവിധായകരുമൊക്കെയായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഈ സിനിമയുടെ പിറകെയാണ്. തിരക്കൊന്നുമില്ല. പതിയെ തീരുമാനിച്ച് ചെയ്യാം എന്നാണ് കരുതുന്നത്.