scorecardresearch

'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് പത്മരാജൻ പുരസ്കാരം

2018ൽ ഇറങ്ങിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരമാണ് 'സുഡാനി ഫ്രം നൈജീരിയ' സ്വന്തമാക്കിയത്

2018ൽ ഇറങ്ങിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരമാണ് 'സുഡാനി ഫ്രം നൈജീരിയ' സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
Sudani from Nigeria, Padmarajan Awards, Soubin Shahir, സുഡാനി ഫ്രം നൈജീരിയ, പത്മരാജൻ അവാർഡ്, Soubin Shahir, സൗബിൻ സാഹിർ, സക്കരിയ, മുഹസിൻ പെരാരി

പ്രശസ്ത സംവിധായകൻ പി പത്മരാജന്റെ പേരിലുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2018ൽ ഇറങ്ങിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി 'സുഡാനി ഫ്രം നൈജീരിയ'. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണൻ എന്നിവർ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Advertisment

ചിത്രം പുറത്തിറങ്ങി ഒരു വർഷം പൂർത്തിയാകുമ്പോഴും പുരസ്കാരങ്ങൾ സുഡാനിയെ തേടിയെത്തി കൊണ്ടിരിക്കുകയാണ്. മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രിയ സിനിമ, മികച്ച സ്വഭാവനടി, മികച്ച തിരക്കഥ എന്നിങ്ങനെ അഞ്ച് സംസ്ഥാന അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ജി അരവിന്ദൻ പുരസ്കാരം, മോഹൻ രാഘവൻ പുരസ്കാരം, ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, സിനിമാ പാരഡൈസോ ക്ലബ്ബ് സിനി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളാണ് ചിത്രം ഇതുവരെ കരസ്ഥമാക്കിയത്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം ആദരം ഏറ്റുവാങ്ങിയിരുന്നു. ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയോട്​ അനുബന്ധിച്ച് ഇന്ത്യന്‍ പനോരമയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Read more: IFFI 2018: ആദരം ഏറ്റുവാങ്ങി സുഡാനി ടീം ഗോവയിൽ

മലപ്പുറത്തിന്റെ ജീവിതവും കാൽപ്പന്ത് സ്നേഹവും പറഞ്ഞ ചിത്രമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. മലപ്പുറത്തെ ഫുട്ബോൾ പ്രേമിയായ മജീദും അയാളുടെ ഫുട്ബോൾ ക്ലബ്ബിൽ കളിക്കാനെത്തിയ നൈജീരിയക്കാരനായ കളിക്കാരനും തമ്മിലുള്ള സൗഹൃദവും സ്നേഹവും ആത്മബന്ധവുമൊക്കെ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്. സക്കരിയയും മുഹസിൻ പെരാരിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സക്കരിയയാണ്.

Advertisment

ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് ആദ്യമായി സൗബിന്‍ സാഹിര്‍ നായക കഥാപാത്രമായി എത്തിയ ചിത്രം കൂടിയായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. സെവന്‍സിന്റെ നാടായ മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ടീമിന്റെ മാനേജറായ മജീദ് റഹ്മാൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിച്ചത്. പ്ലസ് ടു തോറ്റ് സ്ഥിരവരുമാനമൊന്നുമില്ലാത്ത മജീദും അയാളുടെ ടീം അംഗങ്ങളും അവര്‍ക്കിടയിലെ സ്‌നേഹവും അത്രയേറെ സൗന്ദര്യത്തോടെ തന്നെ ചിത്രം പകർത്തിയിരുന്നു.

സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനാണ് ഈ ടീമിന്റെ താരം. നൈജീരിയയില്‍ നിന്നാണെങ്കിലും സാമുവല്‍ ഇവര്‍ക്ക് സുഡാനിയാണ്. ഭാഷ അഭിനയത്തിന് ഒരു തടസമല്ലെന്ന് ഇയാള്‍ തെളിയിച്ചു. സ്‌നേഹത്തോടെ ആ നാട്ടുകാര്‍ അയാളെ സുഡു എന്നു വിളിക്കുന്നു. അപ്രതീക്ഷിതമായി സുഡുവിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നു. പരിചരിക്കാന്‍ ആരുമില്ലാതായ സാമുവലിനെ മജീദ് സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നു.

Read more: അവാർഡ് മഴയിൽ നനഞ്ഞ് ‘സുഡാനി ഫ്രം നൈജീരിയ’; ഒരുമയുടെ വിജയമെന്ന് സക്കരിയ

തുടക്കത്തില്‍ നാടും നാട്ടുകാരും ഭാഷയുമെല്ലാം സാമുവലിന് അപരിചിതമായിരുന്നെങ്കിലും, പതിയെ അയാളും അവരില്‍ ഒരാളാകുന്നു. സൗബിന്റെ ഉമ്മയായ ജമീലയും അയല്‍വാസിയായ ബീവിത്തയും, സാമുവലിനെ കാണാന്‍ വരുന്ന ഓരോ നാട്ടുകാരും അയാളോട് മലയാളത്തില്‍ സംസാരിക്കുകയും അയാള്‍ ഇംഗ്ലീഷില്‍ മറുപടി പറയുകയും ചെയ്യുന്നു. അവര്‍ക്കിടയിലെ ഭാഷ സ്‌നേഹമായി മാറുന്നു. മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചാനുഭവമാണ് 'സുഡാനി ഫ്രം നൈജീരിയ' പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Soubin Shahir Malayalam Films Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: