മറക്കാനാകാത്ത അനുഭവമാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ.  മജീദിനെയും, സുഡുമോനെയുമെല്ലാം ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയപ്പോഴും തിയേറ്റര്‍ വിട്ടിറങ്ങിയവർ തിരഞ്ഞത് ആ ഉമ്മമാരെയാണ്. “അന്‍റെ പെങ്ങളുട്ടിക്ക് കൊട്‌ത്തോ,” എന്നു പറഞ്ഞ് സാമുവലിന് ഒരു ജോഡി കമ്മല്‍ സമ്മാനിക്കുന്ന, മജീദിന്‍റെ ഉമ്മയായ ജമീലയേയും “അള്ളാ, സുഡുവെന്ന് അന്‍റെ പേരല്ലായിരുന്നോ” എന്നു ചോദിക്കുന്ന, അയല്‍വാസിയായ ബീയുമ്മയേയും. പ്രേക്ഷക  മനസ്സുകളിൽ ഈ ഉമ്മമാർ തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു. വെളളിത്തിരയുടെ   കാഴ്ചയ്ക്കപ്പുറത്തു നിന്നും  ആസ്വാദകരുടെ  ഹൃദയങ്ങളിലിരിപ്പുറപ്പിച്ച   “ഈ അഭിനേത്രികള്‍ ആരാണ് ? എവിടെയായിരുന്നു ഇവരിതുവരെ?” എന്നു ചിന്തിക്കാത്തവരുണ്ടാകില്ല. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നീ നാടക കലാകാരികളാണ് ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ഇവിടെയുണ്ട് അവര്‍, മലപ്പുറത്തിന് തൊട്ടടുത്ത്, കോഴിക്കോട്. നാടകവേദിയില്‍ നിന്നും ക്യാമറയ്ക്കു മുമ്പിലേക്കെത്തിയപ്പോള്‍ വല്ലാത്ത ആശങ്കയായിരുന്നു ഇരുവര്‍ക്കും. പക്ഷെ, ഇപ്പോള്‍ ആശ്വാസമുണ്ട്, അതിലേറെ സന്തോഷമുണ്ട്, തങ്ങളുടെ കഥാപാത്രങ്ങളെ മലയാളമിങ്ങനെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തുന്നതു കാണുമ്പോള്‍. ഒരുമിച്ച് ഒരേ വേദിയില്‍ അഭിനയിച്ച് ഒരുമിച്ചു തന്നെ സിനിമയിലും എത്തിയതിന്‍റെ സന്തോഷം ഇരുവരും ഐഇ മലയാളത്തോടു പങ്കുവച്ചു.

ആദ്യമായല്ല രണ്ടു പേരും ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്നാലും ടെന്‍ഷനുണ്ടായിരുന്നു.

“ഞാന്‍ കുറേ മുമ്പ് മോഹന്‍ലാലിന്‍റെ ‘ഉയരും ഞാന്‍ നാടാകെ’ (1985) എന്ന സിനിമയില്‍ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഡയലോഗൊന്നും ഇണ്ടായിരുന്നില്ല, ഒന്നുരണ്ട് ചെറിയ രംഗങ്ങളില്‍ വന്നു പോയി. 40 വര്‍ഷത്തിലധികം നാടകത്തിലായിരുന്നു. സിനിമയില്‍ വരണംന്നൊക്കെ മോഹണ്ടാരുന്നു. പക്ഷെ അങ്ങനെ പ്രതീക്ഷിച്ചിട്ടൊന്നും ഇല്ല. ഒരൂസം ഒരു കാറില് കുറേ ആളുകള് വന്ന് ചോദിച്ചു ‘സരസച്ചേച്ചീന്‍റെ വീടല്ലേ’ന്ന്. ഞാന്‍ പറഞ്ഞു ‘ഞാന്തന്ന്യാ സരസാ’ന്ന്. അപ്പളാണ് സിനിമാക്കാരാണ്, ഓഡീന് വരണംന്നൊക്കെ പറഞ്ഞത്. അങ്ങനെ പോയി. ഈ സിനിമേലെ തന്നെ ചില സംഭാഷണങ്ങളാണ് പറയിപ്പിച്ചത്. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും കുറേ സഹായിച്ചു.” സിനിമയിലേക്കുള്ള തന്‍റെ വഴിയെക്കുറിച്ച് സരസ ബാലുശ്ശേരി പറയുന്നു.

സരസ ബാലുശ്ശേരി

“എനിക്കിപ്പോള്‍ 70 വയസിലധികായി. 56 വര്‍ഷായി ഞാന്‍ നാടകത്തിലഭിനയിക്കുന്നു. സത്യം പറഞ്ഞാല്‍ എട്ടു വയസുള്ളപ്പോള്‍ ഡാന്‍സ് കളിച്ചു തുടങ്ങീതാ. ഡാന്‍സിന് പോകുമ്പോ നാടകം കാണും. അങ്ങനെ അച്ഛനോട് പറഞ്ഞു അഭിനയിക്കണംന്ന്. 16ാമത്തെ വയസിലാ ആദ്യായി അഭിനയിക്കണേ. മുമ്പ് എം.ടി വാസുദേവന്‍ നായര്‍ സാറിന്‍റെ ‘കടവ് ‘ ടെലിഫിലിമില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്കു മുമ്പില്‍ വേറെ പരിചയമൊന്നുമില്ല. സിനിമാന്നൊന്നും സ്വപ്‌നം കൂടി കണ്ടിട്ടില്ലല്ലോ,” വീട്ടു ജോലികളുടെ തിരക്കിലും എല്ലാം കൃത്യമായി ഓര്‍ത്തെടുത്ത് സാവിത്രി ശ്രീധരന്‍ പറയുന്നു.

 

സാവിത്രി ശ്രീധരൻ

‘ചിരന്തന,’ ‘സ്റ്റേജ് ഇന്ത്യ,’ ‘കലിംഗ,’ ‘സംഗമം’ തുടങ്ങിയ നാടക ട്രൂപ്പുകളിലെ പ്രധാന അഭിനേതാക്കളായിരുന്നു ഇരുവരും. മുട്ടുകാലിന്‍റെ വേദനമൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി നാടകത്തിലൊന്നും അഭിനയിക്കാറില്ലെന്ന് സരസച്ചേച്ചി.

“യാത്ര ചെയ്യാന്‍ വയ്യ, പിന്നെ ബസ്സില് കേറുകേം ഇറങ്ങുകേമൊക്കെ ചെയ്യണ്ടേ. അതിനൊന്നും വയ്യ. അതോണ്ട് രണ്ടു വര്‍ഷായി നാടകത്തിലൊന്നും അഭിനയിക്കാറില്ല. സിനിമയില്‍ പക്ഷെ നല്ല വേഷങ്ങള്‍, പ്രായത്തിനു പറ്റിയ വേഷങ്ങള്‍ കിട്ടിയാൽ ചെയ്യണംന്നുണ്ട്. ആളുകളൊക്കെ സിനിമ കണ്ട് വിളിച്ചു പറയുന്നുണ്ട് നന്നായി ചെയ്തൂന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം. പിന്നെ വഴീലൊക്കെ ഞങ്ങടെ മുഖമൊക്കെയുളള  പോസ്റ്ററെല്ലാം കാണുന്നുണ്ട്. ടിവിയില്‍ വരുമ്പോള്‍ കാണും എന്നതിപ്പുറത്തേക്ക് തിയേറ്ററിലൊന്നും പോയി സിനിമ കാണാറില്ലായിരുന്നു. ഇന്നലെ ബാലുശ്ശേരി സന്ധ്യ തിയേറ്ററില്‍ പോയാണ് കണ്ടത്. സ്‌ക്രീനില്‍ സ്വന്തം മുഖം കാണുമ്പോള്‍ ആര്‍ക്കായാലും സന്തോഷം ഉണ്ടാകുമല്ലോ.” സന്തോഷം മറച്ചുവെയ്ക്കാതെ അഭിനേത്രി പറഞ്ഞു.

ഈ സന്തോഷമൊന്നും കാണാന്‍, ജീവിതത്തില്‍ ഏറ്റവും വലിയ പ്രോത്സാഹനമായി നിന്ന അച്ഛനും, ഭര്‍ത്താവും ഇല്ലല്ലോ എന്നതാണ് സാവിത്രിയമ്മയുടെ വിഷമം.

“ഡാന്‍സ് കളിക്കാനും, അഭിനയിക്കാനും ഒക്കെ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ളത് എന്‍റെ അച്ഛനും ഭര്‍ത്താവും ആയിരുന്നു. എനിക്ക് സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്  കിട്ടിയപ്പോഴും, സിനിമയില്‍ അഭിനയിച്ചപ്പോഴും അതൊന്നും കാണാന്‍ അവരില്ലല്ലോ എന്നത് വല്ലാത്തൊരു വേദനയാണ്. വഴിയില്‍ പോസ്റ്ററൊക്കെ കാണുമ്പോള്‍ ഓര്‍ക്കും, അവരുംകൂടി ഉണ്ടായിരുന്നെങ്കിലെന്ന്. എന്ത് ചെയ്യാനാ…” സന്തോഷത്തിന്റെ ഇടയിലും വേർപാടിന്‍റെ വേദനകളിൽ അവരുടെ വാക്കുകൾ.

കോഴിക്കോട്ടുകാരായതുകൊണ്ട് മലപ്പുറം ഭാഷ പഠിച്ചെടുക്കാനൊന്നും വലിയ പ്രയാസമുണ്ടായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

“കോഴിക്കോടിന്‍റെ അട്ത്തന്നല്ലേ മലപ്പുറം. അത്ര കൊഴപ്പൊന്നും ഇല്ലേരുന്നു ഭാഷ പഠിക്കാന്‍. നല്ല രസായിരുന്നു ഷൂട്ടിങൊക്കെ. 22 ദിവസം ഉണ്ടായിരുന്നു ഞങ്ങളവിടെ. സിനിമാക്കാരല്ലേ, വല്യ ആളുകളല്ലേ എന്നൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ, നല്ല ജോളി ആയിരുന്നു സെറ്റിലൊക്കെ. സൗബിന്‍ എന്തൊരു തമാശയാണെന്നോ. പിന്നെ നമ്മടെ സുഡു. മൂപ്പരോട് സംസാരിക്കാന്‍ ഭാഷയൊന്നും അറീലല്ലോ. പിന്നെ സിനിമേലത്തെ പോലെ ഞങ്ങള് ആംഗ്യ ഭാഷേലൊക്കെ വര്‍ത്താനം പറയും,” ഓര്‍ത്തെടുക്കുമ്പോള്‍ ചിരി വരുന്നുണ്ട് സരസച്ചേച്ചിക്ക്.

സരസ ബാലുശ്ശേരി

“ക്യാമറേടെ മുമ്പില് നിന്ന് പരിചയൊന്നും ഇല്ലല്ലോ ഞങ്ങള്‍ക്ക്. അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്താനം പറയുന്ന രംഗം ഒക്കെ ആകും. പക്ഷെ അറിയാതെ ഞങ്ങള് ക്യാമറേലിക്ക് നോക്കും ചിലപ്പോ. അപ്പോ അവര് ഓഫാക്കും. ഞങ്ങളെ ടെന്‍ഷനാക്കാണ്ടിരിക്കാന്‍ പറയും ‘നിങ്ങള് കാരണല്ലാ ട്ടോ, നിങ്ങള് നന്നായി തന്നെ ചെയ്തു. ഇടയ്‌ക്കെന്തോ ശബ്ദം കേറി വന്നു, അതാ നിര്‍ത്തിയത്’ ഞങ്ങള്‍ക്കറിയാം ഞങ്ങളെ ടെന്‍ഷനാക്കാണ്ടിരിക്കാന്‍ പറയുന്നതാന്നൊക്കെ. സുഡു മോനോട് അങ്ങനെ വര്‍ത്താനൊന്നും പറഞ്ഞിട്ടില്ല. നല്ലോണം ചിരിക്കും. ഭാഷ അറിയില്ലല്ലോ. സൗബിനായിരുന്നു നല്ല കമ്പനി. അത്രേം വല്യ നടനാന്നൊരു വിചാരൊന്നൂല്ല. നമ്മക്ക് വേണ്ട നിര്‍ദ്ദേശങ്ങളൊക്കെ തരും. പിന്നെ എന്തൊക്കെ പറഞ്ഞാലും നാടകത്തിനെക്കാള്‍ എളുപ്പാണ് ട്ടോ സിനിമ. നാടകത്തിലാകുമ്പോ മുമ്പിലിരിക്കുന്ന മുഴുവന്‍ ആളോള്‍ക്കും കേള്‍ക്കാന്‍ പാകത്തിന് നമ്മള് ഡയലോഗ് പറയണം. ഓവര്‍ ഭാവങ്ങളൊക്കെ കൊടുക്കണം. സിനിമേല് അതൊന്നും വേണ്ടല്ലോ. സിനിമേലെ കുട്ടികള് തന്നെയാ ഇന്നലെ എനിക്ക് തിയേറ്ററില്‍ പോകാന്‍ വണ്ടി വിട്ടു തന്നത്. കോഴിക്കോട് അപ്‌സരേന്നാ സിനിമ കണ്ടത്. കണ്ടു കഴിഞ്ഞ് കുറേ ആളുകള്‍ വന്ന് കൈയ്യൊക്കെ തന്നു, നന്നായി എന്നൊക്കെ പറഞ്ഞു. നല്ല വേഷങ്ങളൊക്കെ കിട്ടിയാല്‍ ഇനിയും അഭിനയിക്കും. സിനിമ കണ്ടിട്ട് ഇതിന്‍റെ പ്രൊഡ്യൂസറൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. പിന്നെ നടന്‍ സുധീഷും, വേറെ നാടകപ്രവര്‍ത്തകരുമൊക്കെ വിളിച്ചിരുന്നു,” പറയുന്നത് സാവിത്രിയമ്മയാണ്.

സാവിത്രി ശ്രീധരൻ

മികച്ച  നാടക നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം (1992, 94, 94 വർഷങ്ങളിൽ) ഒന്നിലധികം തവണ നേടിയിട്ടുണ്ട് ഇരുവരും. എന്തായാലും മലയാള സിനിമയില്‍ തങ്ങള്‍ക്കൊരിടമുണ്ടെന്ന് എഴുപതാം വയസില്‍ ഈ കലാകാരികള്‍ തെളിയിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook