നടൻ ധനുഷിനെതിരെയുളള ഗായികയും അവതാരകയുമായ സുചിത്രയുടെ ആരോപണം പ്രതികാരത്തിന്റെ ഭാഗമാണെന്ന് ധനുഷിന്റെ സഹോദരി വിമല ഗീത. ഫെയ്സ്ബുക്ക് പേജും ട്വിറ്റർ പേജും താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നതിനു മുൻപായി ഇട്ട വികാരനിർഭരമായ കുറിപ്പിലാണ് ദന്ത ഡോക്ടർ കൂടിയായ വിമല തന്റെ കുടുംബത്തെക്കുറിച്ചും ധനുഷിനെക്കുറിച്ചും എഴുതിയത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ കുടുംബം കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പല കാരണങ്ങളുണ്ട്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. ഒരാളുടെ കഠിനാധ്വാനവും ത്യാഗവും മൂലമാണ് ഞങ്ങൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ഇന്നു കാണുന്ന എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചത്. തേനിയിലെ ചെറിയൊരു ഗ്രാമത്തിൽനിന്നും ഞങ്ങൾ ഇവിടെയെത്തിയത് ഒരൊറ്റ രാത്രി കൊണ്ടല്ല, ഒന്നും ത്യജിക്കാതെയുമല്ല. ഇന്നു കാണുന്ന നിലയിലെത്താനായി എന്റെ സഹോദരങ്ങൾക്ക് നിരവധി അപമാനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നു. ഞങ്ങൾ പഠിച്ച മൂല്യങ്ങളെന്താണെന്നും എന്തു തരത്തിലുളള ജീവിതമാണ് ഞങ്ങൾ നയിച്ചതെന്നും ദൈവത്തിനു മാത്രമേ അറിയൂ.
Read More: തെന്നിന്ത്യയെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ താന്‍ അല്ലെന്ന് സുചിത്ര; ‘താന്‍ വിവാഹമോചനത്തിന്റെ വക്കില്‍’
ധനുഷ് ഇന്ന് വലിയൊരു താരമാണ്. ധനുഷ് അത് അർഹിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് ധനുഷ് ഇന്നു കാണുന്ന നിലയിലെത്തിയത്. ഒരാളോട് നമുക്ക് ഏതു വിധേനയും പ്രതികാരം ചെയ്യാം. ഒരാളുടെ വ്യക്തിത്വത്ത നശിപ്പിക്കാൻ മീഡിയയ്ക്കാകും. തന്റെ ആരാധകരെയും തമിഴ്‌നാട് ജനതയെയും രസിപ്പിച്ച ഒരു നടൻ അർഹിക്കുന്നത് യാതന മാത്രമാണോ?.
ട്വിറ്റർ ഒരു മാധ്യമമാണ്. അവിടെ ആർക്കും എന്തും സംസാരിക്കാം. എന്തും പോസ്റ്റ് ചെയ്യാം. എന്റെ കുടുംബം ഒരുപാട് സഹിച്ചു. എന്തൊക്കെ വന്നാലും എന്റെ കുടുംബം ഒറ്റക്കെട്ടായി നിന്ന് അവയ്ക്കെതിരെ പോരാടും. കടുത്ത വേദനയും നിരാശയും മൂലം തൽക്കാലത്തേക്ക് ഫെയ്സ്ബുക്കിൽനിന്നും ട്വിറ്ററിൽനിന്നും ഞാൻ പിൻവാങ്ങുകയാണ്. ആരോടും സംസാരിക്കാനോ ആരെയും കാണാനോ എനിക്ക് താൽപര്യമില്ല. ആരുതന്നെ ഇതു ചെയ്താലും അത് അവസാനിപ്പിക്കുക. ദയവായി ജീവിക്കൂ. ജീവിക്കാൻ അനുവദിക്കൂ- വിമലയുടെ കുറിപ്പിൽ പറയുന്നു.
ധനുഷും അനിരുദ്ധ് രവിചന്ദറും ചേർന്ന് തന്നെ ഒരു പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി ലൈംംഗികമായി പീഡിപ്പിച്ചതായി സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. ഇതു വൻ വിവാദങ്ങൾക്കിടയാക്കി. ഇതിനുപിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞിരുന്നു.