നാളെ ഷഷ്ഠിപൂർത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളസിനിമയിലെ താരരാജാക്കന്മാരിൽ ഒരാളായി നിലകൊള്ളുന്ന താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സിനിമാലോകവും. മോഹൻലാലിന്റെ ഇഷ്ടങ്ങളെയും ചില ശീലങ്ങളെയും കുറിച്ച് പറയുകയാണ് ഭാര്യ സുചിത്ര. ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞത് ഈ ലോക്ക്‌ഡൗൺ നാളുകളിലാണെന്ന് സുചിത്ര പറയുന്നു.
” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.
Read more: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. “സുചിയ്‌ക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു,” മോഹൻലാൽ- സുചിത്ര വിവാഹത്തെ കുറിച്ച് നിർമാതാവ് കൂടിയായ സുരേഷ് ബാലാജി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി വെളിപ്പെടുത്തി. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഉളളടക്കം’ എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.
Read more: Mohanlal Birthday: നടന്‍, കൂട്ടുകാരന്‍: മോഹന്‍ലാലിനെക്കുറിച്ച് ലിസ്സി