രജനീകാന്ത് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ നിർമാതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സബ് ടൈറ്റിലിസ്റ്റ് രേഖ്സ്. തനിക്ക് ഒരു രൂപ പോലും പ്രതിഫലമായി ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് നല്‍കിയിട്ടില്ലെന്ന് അവര്‍ പറയുന്നു.
”എനിക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല. രണ്ടാഴ്ചയോളമായി ഇതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തിട്ട്. ലൈക പ്രൊഡക്ഷനിലേക്ക് ഒരുപാട് തവണ വിളിച്ചു. പക്ഷെ എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു” ചില സിനിമാ പ്രവര്‍ത്തകര്‍ തനിക്ക് മെസേജ് അയച്ചെന്നും അവര്‍ പറഞ്ഞു. ആരേയും മോശക്കാരാക്കാനല്ല താന്‍ ശ്രമിച്ചതെന്നും രേഖ്സ് പറയുന്നു.
Read in English: Subtitlist Rekhs upset as team 2.0 hasn’t paid her yet
”ശങ്കറിനേയും സൂപ്പർ സ്റ്റാറിനേയും ഒരുപാട് ബഹുമാനിക്കുന്നു. അവരല്ല ഉത്തരവാദികള്‍. അവര്‍ക്ക് രണ്ട് പേര്‍ക്കും ഇതിലൊരു പങ്കില്ല. നിർമാതാക്കള്‍ക്കാണ് ഉത്തരവാദിത്തം. 2.0 യുടെ സബ് ടൈറ്റില്‍ ഞാന്‍ ചെയ്തത് നല്ല വിശ്വാസത്തോടെയായിരുന്നു. പക്ഷെ, ലൈകയുടെ സമീപനത്തില്‍ ഞാന്‍ അസന്തുഷ്ടയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. അവര്‍ക്ക് 10 മാസത്തെ സമയമായിരുന്നു പ്രതിഫലം നല്‍കാനായി ഞാന്‍ അനുവദിച്ചത്. അവര്‍ എന്റെ കോളുകളോടും ഇ-മെയിലുകളോടും പ്രതികരിച്ചില്ല”
ഇന്ത്യന്‍ സിനിമകള്‍ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ സബ് ടൈറ്റിലുകള്‍ക്ക് വലിയ പങ്കുണ്ട്. താനും തന്റെ ടീമും രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വിശ്രമമില്ലാതെ ജോലി ചെയ്തതാണെന്നും ഒരു പതിറ്റാണ്ടായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്കുണ്ടായ അനുഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും അവര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, രേഖ്സിന്റെ ആരോപണത്തിന് വിശദീകരണവുമായ ലൈക്ക പ്രൊഡക്ഷനും രംഗത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ലൈക്ക പ്രൊഡക്ഷൻ ഓരോ സിനിമയുടെയും സബ് ടൈറ്റിൽ ചെയ്യാനായി ചെലവഴിക്കുന്നതെന്നും എന്നാൽ ‘2.0’യ്ക്ക് വേണ്ടി രേഖ്സ് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയാണെന്നും അതു ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത തുകയായിരുന്നു എന്നുമാണ് ലൈക്കയുടെ വിശദീകരണം. പ്രതിഫലതുകയെ കുറിച്ച് പിന്നീട് സംസാരിക്കാം എന്നു പറഞ്ഞ് രേഖ്സ് സബ് ടൈറ്റിൽ പൂർത്തിയാക്കി തന്നെന്നും എന്നാൽ അവർ പ്രതീക്ഷിക്കുന്ന തുക ഞങ്ങൾക്ക് സ്വീകാര്യമായിരുന്നില്ലെന്നും ലൈക്ക പ്രൊഡക്ഷൻ പറയുന്നു. ” ഞങ്ങൾക്കെതിരായ ആരോപണങ്ങളുമായി കുറച്ചുദിവസങ്ങൾക്കു മുൻപ് രേഖ്സ് മാധ്യമങ്ങളെ സമീപിച്ചിരുന്നു. പത്തു ദിവസം മുൻപ് രേഖ്സിനെ കണ്ട്, ഒരു ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാമെന്ന് സംസാരിച്ചിരുന്നെങ്കിലും സെറ്റിൽമെന്റിന് തയ്യാറാവാതെ രേഖ്സ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രതിഫലതുകയിൽ ഞങ്ങളിതുവരെ വീഴ്ചകൾ വരുത്തിയിട്ടില്ല, പ്രതിഫലതുകയിൽ വിലപേശൽ മാത്രമാണ് നടത്തിയിട്ടുള്ളത്. എന്നാൽ ഇത് മനപൂർവ്വം തങ്ങളെ ആരോപണങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്.” എന്ന് ട്വിറ്റർ കുറിപ്പിലൂടെ വിശദീകരിച്ച ലൈക്ക പ്രൊഡക്ഷൻ ഒരു ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ ഞങ്ങളിപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി.
— Lyca Productions (@LycaProductions) August 28, 2019
ശങ്കര്‍ സംവിധാനം ചെയ്ത ‘യന്തിരന്’ എന്ന ചിത്രത്തിന്റെ സീക്വല്‍ ആണ് ‘2.0’. വസീഗരന്, ചിട്ടി, എന്നീ റോളുകളില്‍ രജനീകാന്ത് എത്തിയപ്പോള്‍ നായികയായി എത്തിയത് എമി ജാക്സണ്, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാര്‍.
Also Read: സെക്കന്റിൽ 16 ടിക്കറ്റ്; ടിക്കറ്റ് വിൽപ്പനയിലും ചരിത്രം സൃഷ്ടിച്ച് ‘2.0’