കൊച്ചി: അന്തരിച്ച നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന് കണ്ണീരോടെ വിട നല്‍കി കലാകേരളം. ചേരാനെല്ലൂരിലെ പൊതുസ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു.
രാവിലെ പത്തുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് വാരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വെച്ചു. ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി സ്കൂള്‍ കാലഘട്ടം മുതല്‍ കലാരംഗത്ത് സജീവമാണ്. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സുബിയുടെ കലാജീവിതം, പ്രത്യേകിച്ചു ബ്രേക്ക് ഡാന്‍സില്‍. എന്നാല്‍ പിന്നീട് മിനി സ്ക്രീനിലെത്തുകയും ഹാസ്യ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു.
ഹാസ്യവേദികളില്‍ പല ഇതിഹാസങ്ങള്‍ക്കും ഒപ്പമെത്താന്‍ സുബിക്ക് സാധിച്ചിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘സിനിമാല’ എന്ന പരിപാടിയാണ് സുബിയെ കേരളത്തിന് സുപരിചിതയാക്കിയത്. കോമഡിയിലെ മികവ് സുബിയെ പിന്നീട് സിനിമയിലേക്ക് നയിച്ചു.
രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്താന്‍ സാധിച്ചിരുന്നെങ്കിലും മിനി സ്ക്രീനിലേക്ക് മടങ്ങുകയായിരുന്നു സുബി. സൂര്യ ടിവിയിൽ സുബി അവതാരകയായി എത്തിയ ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടി പ്രേക്ഷകപ്രീതി നേടിയിരുന്നു.