ബുധനാഴ്ച രാവിലെയാണ് നടി സുബി സുരേഷ് അന്തരിച്ചു എന്ന വാർത്ത പുറത്തുവന്നത്. പ്രിയ സഹപ്രവർത്തകയുടെ പെട്ടെന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് കലാലോകം. സുബി സുരേഷ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം. സ്റ്റേജ് ഷോകൾ ഇല്ലാതിരുന്ന സമയത്തും തന്റെ ആരാധകരുമായി ആത്മബന്ധം നിലനിർത്താൻ യൂട്യൂബ് എന്ന മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു സുബി. കുറച്ചു മാസങ്ങൾക്കു മാത്രം മുൻപ് തന്റെ ചാനലിലൂടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സുബി പറഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദിവസങ്ങളോളം യൂട്യൂബിൽ വീഡിയോ അപ്പ്ലോഡ് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സുബി. “എന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്ന് വർക്ക് ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ല.അതുകൊണ്ട് ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേദിവസം മുതല്‍ തീരെ വയ്യാതായി. ഭയങ്കര നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി.ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, കരിക്കും വെള്ളം കുടിക്കുമ്പോൾ പോലും ഛർദ്ദിക്കും.രണ്ട് ദിവസം മുൻപ് നെഞ്ച് വേദന വന്നപ്പോൾ ഇസിജി എടുത്തിരുന്നു അതിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. എന്നാൽ അതിന്റെ മരുന്നും ഞാൻ കഴിച്ചില്ല. തിരക്കിനിടയിൽ അതെല്ലാം വിട്ടു പോയി എന്നതാണ് സത്യം. നിങ്ങൾ വിചാരിക്കും പൈസയ്ക്കു വേണ്ടി ആരോഗ്യം മറന്ന് നടക്കുകയാണെന്ന് എന്നാൽ അങ്ങനെയല്ല ഒരുപാട് നാൾ പരിപാടികളില്ലാതിരുന്ന് പെട്ടെന്ന് ഒരെണ്ണം കിട്ടുമ്പോൾ എന്തോ ആർത്തിയാണ്. വെറുതെയിരിക്കുന്നത് എനിക്കിഷ്ടമല്ല.”
“ഭക്ഷണം കൃത്യസമയത്ത് കഴിക്കാൻ എല്ലാവരും നിർബന്ധിക്കും പക്ഷെ എനിക്ക് കഴിക്കാൻ തോന്നാറില്ല. അതെന്റെയൊരു ദുശ്ശീലമാണ്.അങ്ങനെ ആഹാരം കഴിക്കാതിരുന്ന് ഗ്യാസ്ട്രിക്ക് പ്രശ്‌നം വന്നു.അതു മാത്രമല്ല പാൻക്രിയാസിൽ സ്റ്റോണുമുണ്ടായിരുന്നു. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു.മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നതൊന്നും വലിയ പ്രശ്‌നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്.
പ്രോഗ്രാം കഴിഞ്ഞ് വരുമ്പോൾ ചില ദിവസങ്ങളിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് വൈകിയായിരിക്കും. മടി കാരണം ഇടയ്ക്ക് എഴുന്നേറ്റാലും ഭക്ഷണം കഴിക്കില്ല.ഇനി ശീലങ്ങളെല്ലാം മാറ്റിയെടുക്കണം ഇപ്പോൾ ഞാൻ നന്നാവാൻ തുടങ്ങി. എന്നെ പോലെ കൃത്യമായി ഭക്ഷണം കഴിക്കാത്തവരുണ്ടെങ്കിൽ തിരക്കിലാണെങ്കിലും സമയത്ത് ചെറുതായി എന്തെങ്കിലുമൊക്കെ കഴിക്കാൻ ശ്രമിക്കുക” സുബിയുടെ വാക്കുകളിങ്ങനെ.