സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സുബി സുരേഷ്. അടുത്തിടെയാണ് സുബി കോവിഡ് പോസിറ്റീവ് ആയത്. തന്റെ കോവിഡ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സുബി. ഷൂട്ടിന് പോവുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം വളരെയധികം ശ്രദ്ധിച്ചിട്ടും എവിടുന്ന് വന്നു എന്നത് വ്യക്തമല്ലെന്ന് സുബി പറയുന്നു.
പത്തുദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് നെഗറ്റീവ് ആയെന്നും ഇപ്പോൾ റിവേഴ്സ് ക്വാറന്റൈൻ തുടരുകയാണെന്നും സുബി. ” . അനുസരണക്കേട് കൊണ്ട് വന്നതല്ല, എങ്ങനയാ വന്നത് എന്ന് ഒരു ഐഡിയയുമില്ല. ഇപ്പോ ചിരിച്ചിരുന്ന് പറയുന്നുണ്ട്, പക്ഷേ കോവിഡ് പോസിറ്റീവ് ആയപ്പോൾ ആ ചിരി ഉണ്ടായിരുന്നില്ല. എല്ലാവരും നല്ല രീതിയിൽ ശ്രദ്ധിക്കുക. ദയവുചെയ്ത് എല്ലാവരും ശ്രദ്ധിക്കണം. പ്രായമായവരെയും കുട്ടികളെയും കൂടുതൽ ശ്രദ്ധിക്കുക.”
കോവിഡ് വന്ന സമയത്ത് വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും സുബി പറയുന്നു. നല്ല ഭക്ഷണവും വിശ്രമവും മരുന്നുകളുമാണ് പത്തു ദിവസം കൊണ്ട് രോഗം ഭേദമാവാൻ സഹായിച്ചതെന്നും സുബി കൂട്ടിച്ചേർക്കുന്നു.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.
Read more: രണ്ടു മാസമുള്ളപ്പോഴാണ് മകന് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്