മിമിക്രിയും കോമഡി പരിപാടികളുമെല്ലാം പൊതുവെ പുരുഷന്മാരുടെ കുത്തകയായിരുന്ന ഒരു കാലത്താണ് സുബി സുരേഷ് ഹാസ്യവേദികളിൽ തന്റെ സാന്നിധ്യം അറിയിച്ച് ശ്രദ്ധ നേടുന്നത്. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.
ഒരുസമയത്ത് മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടക്കം കാത്തിരുന്നു കണ്ട സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാളം’ എന്ന പരമ്പരയുടെ നട്ടെല്ലും സുബിയായിരുന്നു. കുട്ടികളോട് കൂട്ടുകൂടി, അവരുടെ കുഞ്ഞുകുഞ്ഞുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടിക്കൂട്ടത്തിലൊരാളായി സുബിയും മാറിയ ആ പ്രോഗ്രാമിന് വലിയ ആരാധകവൃന്ദമുണ്ടായി.
ഇപ്പോഴും യൂട്യൂബിൽ ലക്ഷകണക്കിന് ആളുകൾ കണ്ട പരിപാടികളുടെ പട്ടികയിൽ ‘കുട്ടിപ്പട്ടാള’ത്തിലെ ആ എപ്പിസോഡുകൾ കാണാം. ഇടക്കാലത്ത് കുട്ടികളുടെ നിഷ്കളങ്കത മുതലെടുക്കുന്നു എന്നു ആ പരിപാടിയ്ക്ക് എതിരെ വിമർശനങ്ങൾ ഉയർന്നു. എന്നാൽ അപ്പോഴും വിമർശകർ പോലും അംഗീകരിച്ചു കൊടുത്ത ഒന്നായിരുന്നു, കുട്ടികളുമായി ഇടപെടാനും ഞൊടിയിടയിൽ അവരിലൊരാളായി മാറാനുമുള്ള സുബിയുടെ കഴിവ്. പൊതുവെ അധികം സംസാരിക്കാത്ത, നാണത്തോടെയിരിക്കുന്ന കുട്ടികൾ പോലും സുബിയോട് വാതോരാതെ സംസാരിക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. കുട്ടികളെ വളരെയെളുപ്പത്തിൽ തന്നെ കയ്യിലെടുക്കാൻ സുബിയ്ക്കു സാധിച്ചിരുന്നു.
ആ ഷോയുടെ പേരിലാണ് പല കുട്ടികൾ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതെന്ന് സുബി തന്നെ പിന്നീട് പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.
രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, ഹാപ്പി ഹസ്ബൻഡ്, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്.