ഓഷോ രജനീഷിന്റ ജീവിതം സിനിമയാകുന്നു. റോം ആസ്ഥാനമായുള്ള നിര്‍മാണ കമ്പനി നവലാ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സുഭാഷ് ഘയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഓഷോ: ലോര്‍ഡ് ഓഫ് ഫുള്‍ മൂണ്‍’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കാന്‍ ചലച്ചിത്ര മേളയില്‍ ഇന്നലെയായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.
ചിത്രം സംവിധാനം ചെയ്യുന്നത് ലക്ഷെന്‍ സുകാമെലിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സുകാമെലിയും കമലേഷ് പാണ്ഡെയും ചേര്‍ന്ന് തിരക്കഥയൊരുക്കും. ചിത്രത്തിലെ അഭിനേതാക്കളേയും വിതരണക്കാരെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുതലായിരിക്കും ചിത്രത്തിന്റെ കഥ ആരംഭിക്കുക. ഓഷോയുടെ കഥാപാത്രം കൂടാതെ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കഥാപാത്രവും ചിത്രത്തിലുണ്ടാകും. ഓഷോ യഥാര്‍ത്ഥ ആത്മീയ ആചാര്യന്‍ ആണോ എന്ന അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനിടെ ജീവിതം അപകടത്തിലായ കഥാപാത്രമാണിത്.
വിവാദങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു ഓഷോയുടേത്. 1990ലായിരുന്നു അദ്ദേഹം മരിക്കുന്നത്. 1980കള്‍ മുതല്‍ 90 വരെയായിരുന്നു യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ പ്രശസ്തി നേടാന്‍ ഓഷോയ്ക്കു സാധിച്ചു.