ബോളിവുഡിന്റെ പുതിയ ‘മീ ടൂ’ ക്യാംപെയി കൂടുതൽ പേരിലേക്ക് നീളുകയാണ്. സംവിധായകൻ സുഭാഷ് ഗയ്, എഴുത്തുകാരനും സംവിധായകനുമായ സാജിദ് ഖാൻ എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ.

സംവിധായകൻ സുഭാഷ് ഗയ് മദ്യം നൽകി തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി ഒരു യുവതി കൂടി ഇന്നലെ രംഗത്തു വന്നിരിക്കുന്നു. അനോണിമസ് അക്കൗണ്ടിൽ നിന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. കോമേഡിയൻ ഉത്സവ് ചക്രബർത്തിയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച എഴുത്തുകാരി മഹിമ കുക്രേജ അടക്കം നിരവധി പേരാണ് യുവതിയുടെ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്.

“വർഷങ്ങൾക്ക് മുൻപ് സുഭാഷ് ഗായുമൊത്ത് ഒരു സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്ത് ഗായ് പലപ്പോഴും തന്റെ അപ്പാർട്ട്മെന്റിലേക്ക് സ്ക്രിപ്റ്റ് ഡിസ്കഷനു വേണ്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ഒരിക്കൽ ബലമായി പിടിച്ചു വച്ച് ചുംബിച്ചു. അടുത്ത ദിവസം പ്രണയം കൊണ്ട് ചെയ്തതാണെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുകയും ചെയ്തു. ആ സംഭവത്തെ കുറിച്ച് അന്നു തന്നെ ഞാൻ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറോടും മറ്റു രണ്ടു സ്ത്രീകളോടും പറഞ്ഞിരുന്നു. അന്ന് നല്ലൊരു ജോലിയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്തതിനാലാണ് സംഭവത്തെ കുറിച്ച് പരാതിപ്പെടാതിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അർദ്ധരാത്രി ഒരു മ്യൂസിക് പ്രോഗ്രാമിൽ വച്ച് ഗായ് മദ്യം നൽകി, ഹോട്ടൽ റൂമിലെത്തിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു,” എന്നാണ് അനോണിമസ് പോസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

റെയ്സ് 3 ലെ അഭിനേത്രി സലോനി ചോപ്രയാണ് എഴുത്തുകാരനും സംവിധായകനുമായ സാജിദ് ഖാനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാജിദിന്റെ അസിസ്റ്റന്റായി ജോലി ചെയ്ത കാലത്ത് സാജിദ് ഖാൻ തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നാണ് സലോനിയുടെ വെളിപ്പെടുത്തൽ. നടൻ സെയിൻ ദുറാനിയുമായി പ്രണയത്തിലായിരുന്ന കാലത്തും താൻ ശാരീരിക പീഡനത്തിന് ഇരയായിരുന്നെന്നും വികാസ് ബെഹലും തന്നോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും സലോനി ആരോപിക്കുന്നു.

സാജിദ് ഖാനെതിരെ പത്രപ്രവർത്തക കരിഷ്മ ഉപാധ്യായും ആരോപണവുമായി രംഗത്തുണ്ട്. വൃത്തികെട്ട രീതിയിലുള്ള സംസാരം അയാളിൽ നിന്നും തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കരിഷ്മയുടെ വെളിപ്പെടുത്തൽ. സാജിദ് ഖാന്റെ അഭിമുഖം തയ്യാറാക്കാൻ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ ചെന്നപ്പോഴായിരുന്നു തനിക്ക് ഈ ദുരനുഭവമുണ്ടായതെന്നും എംടിവി പ്രൊജക്റ്റിനിടെ സാജിദ് തന്നെ ബോഡി ഷേമിങ്ങ് ചെയ്തെന്നും കരിഷ്മ പറയുന്നു.

എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ സാജിദ് ഖാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുഭാഷ് ഗയ്‌യുടെ പ്രതികരണം. “എന്നെ കുറിച്ചുള്ള ചില ആരോപണങ്ങൾ മാധ്യമങ്ങളിൽ വന്നതായി ഞാൻ കണ്ടു. പ്രശസ്തരായ​ ആളുകളെ കുറിച്ച് അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു ഫാഷനായി മാറുന്നത് കാണുമ്പോൾ വിഷമമുണ്ട്. ഈ ആരോപണം ഞാൻ നിഷേധിക്കുന്നു. മാനനഷ്ടക്കേസിനു പോവാനാണ് എന്റെ തീരുമാനം,” സുഭാഷ് ഗയ് പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook