മലയാളസിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശിയാണ് സുബലക്ഷ്മിയമ്മ. ചിരിയും കുസൃതിയുമൊക്കെയായി മലയാളികളുടെ ഹൃദയം കവർന്ന കലാകാരി. എൺപത്തിയാറാം വയസ്സിലും അഭിനയത്തിൽ സജീവമാണ് ഈ അമ്മ. എപ്പോഴും വൈബ്രന്റായി ഇരിക്കുന്ന സുബലക്ഷ്മിയമ്മയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ മകൾ താര കല്യാണും പേരക്കുട്ടി സൗഭാഗ്യ വെങ്കിടേഷും ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്.
ഒരു ഡിജെ നൈറ്റിനിടെ എല്ലാവർക്കുമൊപ്പം ചേർന്ന് ഡാൻസ് കളിക്കുന്ന സുബലക്ഷ്മിയമ്മയുടെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സൗഭാഗ്യ.
“86-ാം വയസ്സിൽ തന്റെ ജീവിതത്തിലെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്നു,” എന്നാണ് സൗഭാഗ്യ കുറിച്ചത്. താര കല്യാൺ, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ സോമശേഖർ എന്നിവരെയും വീഡിയോയിൽ കാണാം.
സുബലക്ഷ്മിയമ്മ മാത്രമല്ല, മകൾ താര കല്യാണും പേരക്കുട്ടി സൗഭാഗ്യയും മരുമകൻ അർജുനുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്. മലയാളികൾക്ക് ഏറെയിഷ്ടമാണ് ഈ താരകുടുംബത്തെ.
നർത്തകിയായ താര കല്യാൺ ആണ് ഈ കുടുംബത്തിൽ നിന്നും ആദ്യം അഭിനയത്തിലേക്ക് എത്തിയത്. ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തിൽ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളിലൂടെയു സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി താര മാറി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം ചെറുപ്പത്തിൽ തന്നെ പ്രാവിണ്യം നേടിയ താര കല്യാൺ അഭിനയത്തിനൊപ്പം തന്നെ ഒരു നൃത്ത അക്കാദമിയും നടത്തുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ധിക്ക് വഴി ‘നന്ദനം’ സിനിമയിൽ എത്തിച്ചേരുകയുമായിരുന്നു.
തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ ‘ദിൽ ബെച്ചാര’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.
അമ്മയും മുത്തശ്ശിയും അഭിനയത്തിൽ തിളങ്ങിയപ്പോൾ ഡബ്സ്മാഷ് ക്യൂൻ എന്ന രീതിയിലാണ് സൗഭാഗ്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായി. നടനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. 2021 നവംബർ 29നാണ് മകൾ സുദർശനയുടെ ജനനം.