ദിലീപ് നായകനാകുന്ന കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ രംഗങ്ങളുടെ ചിത്രീകരണം നേരത്തേ പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ് തിങ്കളാഴ്ചയോടെ ഡബ്ബിങ്ങും നിര്‍വ്വഹിച്ചു. സ്വന്തം ശബ്ദത്തില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ് ഡബ്ബ് ചെയ്തിരിക്കുന്നത്.

‘നന്നായി പഠിച്ചു പരീക്ഷ എഴുതിയിട്ടുണ്ട്, പാസാകുമോ എന്തോ?’ എന്നാണ് സിദ്ധാര്‍ത്ഥ് കമ്മാര സംഭവത്തിലെ ഡബ്ബിങ്ങിനെ കുറിച്ച് തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. നേരത്തേയും ഇതേ വിഷയത്തില്‍ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഒരു ഭാഷയെ നമ്മള്‍ സ്‌നേഹിച്ചാല്‍ ആ ഭാഷ നമ്മളെ തിരിച്ചും സ്‌നേഹിക്കും എന്നാണ് സിദ്ധാര്‍ത്ഥ് അന്നു പറഞ്ഞത്.

Kammarasambhavam

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ദിവസവും അഞ്ചു മണിക്കുറോളം സമയം ചിലവിട്ടാണ് കമ്മാരനെ ഒരുക്കിയെടുക്കുന്നത്. ലാല്‍ജോസിന്റെ പിതാവിന്റേയും ദിലീപിന്റെ അച്ഛന്റേയും രൂപങ്ങളിൽ നിന്നുമാണ് കമ്മാരന്റെ മൂന്നാം ഗെറ്റപ്പ് രൂപപ്പെടുത്തിയതെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു.

കഥാപാത്രത്തിനുവേണ്ടി നിരവധി ലുക്കുകൾ പരീക്ഷിച്ചെങ്കിലും അതിലൊന്നും തനിക്കു സംതൃപ്തി ഉണ്ടായിരുന്നില്ലെന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംവിധായകൻ വ്യക്തമാക്കുന്നു. മുഴുവനായും നരച്ച മുടിയും വ്യത്യസ്തമായ മീശയും ഹെയർസ്റ്റൈലുമുള്ള ലാൽജോസിന്റെ അച്ഛനെ പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈലിനെ ദിലീപിന്റെ പിതാവിന്റെ രൂപവുമായി സംയോജിപ്പിച്ചാണ് കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്തുന്നത് എന്നും രതീഷ് അമ്പാട്ട് പറയുന്നു.

സിദ്ധാര്‍ത്ഥിനൊപ്പം തമിഴ് താരം ബോബി സിംഹയും കമ്മാരസംഭവത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്ന മുരളി ഗോപിയാണ് മറ്റൊരു പ്രധാന താരം. നമിതാ പ്രമോദാണ് നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ