വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആലിയ ഭട്ട് എന്നിവരെ ബോളിവുഡിന് സമ്മാനിച്ച് കരണ്‍ ജോഹര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രം സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആരായിരിക്കും നായികയായി എത്തുന്നത് എന്നതായിരുന്നു കൂടുതല്‍ പേരുടെയും ആകാംക്ഷ.
ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്ന സുന്ദരി ആയിരുന്ന ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി, നടന്‍ സെയ്ഫ് അലി ഖാന് ആദ്യ ഭാര്യ അമൃതയിലുള്ള മകള്‍ സാറയും ഈ ചിത്രത്തിലൂടെ ബി ടൗണില്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെയാണ്. വീണ്ടും ഒരു താരത്തെക്കൂടി ബോളിവുഡിന് സമ്മാനിക്കുകയാണ് ഈ ചിത്രം.
അനന്യയുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞയാഴ്ച നടന്ന ഓഡീഷനില്‍ അനന്യ പങ്കെടുത്തു. കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്, ചിത്രത്തിന്റെ സംവിധായകന്‍ പുനീത് മല്‍ഹോത്ര എന്നിവരും ഓഡിഷന്‍ സമയത്ത് ഉണ്ടായിരുന്നു. ആദ്യ ഭാഗത്തില്‍ ആലിയ പറഞ്ഞ ഡയലോഗ് അനന്യയോട് പറയാന്‍ മൂവരും ആവശ്യപ്പെട്ടു. അനായാസമായി അത് അവതരിപ്പിച്ച അനന്യയെ നായികയാക്കാന്‍ കരണ്‍ ഉടനടി തീരുമാനിക്കുകയായിരുന്നു.