ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ എന്നു പറയുമ്പോള്‍ നമ്മുടെ സിനിമകള്‍ കണ്ടുശീലിച്ച ചില കഥാപാത്രങ്ങളുണ്ട്. ചില വാര്‍പ്പു മാതൃകകള്‍. പല അഭിമുഖങ്ങളിലും പറഞ്ഞു കേട്ടിട്ടുണ്ട് ‘ഈ ചിത്രത്തിലെ നായിക വളരെ ബോള്‍ഡാണ്. അവള്‍ കള്ളുകുടിക്കും, പുകവലിക്കും, രാത്രി ഇറങ്ങി നടക്കും..’ എന്നൊക്കെ. അതെ; ഇതെല്ലാം ചെയ്യുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തിന് അത്ര പരിചിതരല്ലാത്തതുകൊണ്ട് ഇത് അംഗീകരിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ഒരു സ്ത്രീ ബോള്‍ഡ് ആകേണ്ടതെങ്ങനെയാണ് എന്ന് പറഞ്ഞു തരുന്ന മൂന്നു സിനിമകള്‍, മൂന്ന് കഥാപാത്രങ്ങളെ അടുത്തകാലത്ത് നമ്മള്‍ കണ്ടു. മായാനദിയിലെ അപ്പു എന്ന അപര്‍ണ രവി, ഈടയിലെ അമ്മു എന്ന ഐശ്വര്യ, അരുവി എന്ന തമിഴ് സിനിമയിലെ അരുവി എന്ന നായികാ കഥാപാത്രം.

അപ്പു

Aishwarya Lekshmi

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഐശ്വര്യ ലക്ഷ്മിയാണ് ആഷിഖ് അബു ചിത്രം മായാനദിയിലെ അപര്‍ണ രവി. ഇന്നത്തെ കാലത്ത് ഒരുപാട് അപര്‍ണമാരെ നമുക്ക് കാണാം. ജീവിതം കൊരുത്തെടുക്കുന്നതിനിടയില്‍ സാഹചര്യങ്ങള്‍ അവളെ ബോള്‍ഡാകാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു മനുഷ്യന്‍റെ, ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്ണിന്റേതായ എല്ലാ ഇന്‍സെക്യൂരിറ്റികളുമുള്ള കഥാപാത്രമാണിത്. അപ്പു ഒരു സര്‍വൈവറാണ്. ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നുണ്ട് ‘ഐ ഡിസേര്‍വ് എ ബെറ്റര്‍ ലൈഫ്’ എന്ന്. അത് ഇന്നത്തെ ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും അറിയാം.

Read More: അപര്‍ണ മുതല്‍ ഐശ്വര്യ വരെ: പ്രണയ നദിയായ് ഒഴുകുന്നവര്‍

ടിപ്പിക്കല്‍ നായിക-നായക സങ്കല്‍പങ്ങളില്‍ നിന്നും ഗതിമാറിയാണ് മായാനദി ഒഴുകുന്നത്. പുരുഷനോട് ‘വണ്‍സ് മോര്‍’ എന്നാവശ്യപ്പെടുന്ന, ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്നു പറയുന്ന നായികയാണ് മായാനദിയിലേത്. സ്ത്രീകള്‍ പൊതുവേ ഇമോഷലാണെന്നു പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് അപ്പു. വൈകാരികമായി കീഴ്‌പെടുത്താവുന്ന ഒന്നല്ല താനെന്നുകൂടിയാണ് ഈ ഡയലോഗിലൂടെ അപ്പു പറയുന്നത്. തനിക്ക് അംഗീകരിക്കുവാന്‍ പ്രയാസമുള്ള കാര്യങ്ങളോട് തലയുയര്‍ത്തിപ്പിടിച്ച് ‘നോ’ പറയുന്നവളാണ് അപ്പു. ഒരു 25കാരിയുടെ മാനസിക സംഘര്‍ഷങ്ങളും വൈകാരികതയുടെ വ്യത്യസ്ത തലങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ ഐശ്വര്യയ്ക്കായി. കഥാപാത്രത്തിന്‍റെ ആഴം മനസ്സിലാക്കിതന്നെ തെല്ലും പരിഭ്രമിക്കാതെ ഐശ്വര്യ അപ്പുവായി മാറി.

അമ്മു

Nimisha

തന്റേടവും കരുത്തുമുള്ള പെണ്ണാണ് ബി. അജിത് കുമാർ സംവിധാനം ചെയ്ത ഈടയിലെ ഐശ്വര്യ. കാല്‍വിരല്‍ കൊണ്ടു കളംവരയ്ക്കാതെ, ഒട്ടും നാടകീയതയില്ലാതെ പ്രണയം തുറന്നു പറയാനും, “എനിക്കിഷ്ടമുള്ളയാളെ അല്ലെ ഞാന്‍ കല്യാണം കഴിക്കേണ്ടത്” എന്ന് മുഖത്തു നോക്കി ചോദിക്കാനും, ഇഷ്ടമില്ലാത്ത ആളുമായുള്ള വിവാഹത്തിന്‍റെ ആദ്യ ദിനം തന്നെ “കല്യാണം കഴിക്കാന്നേ പറഞ്ഞിട്ടുള്ളൂ, കൂടെക്കിടക്കാന്ന് പറഞ്ഞിട്ടില്ല” എന്നു തലയുയര്‍ത്തി പറയാനും ധൈര്യമുള്ളവള്‍.

വീടിന്‍റെ രണ്ടാംനിലയിലുള്ള തന്‍റെ മുറിയിലേക്ക് രാത്രിയില്‍ വലിഞ്ഞു കയറി വരുന്ന കാമുകനെ കണ്ട് ‘ആരെങ്കിലും കണ്ടാലോ’ എന്ന് ആശങ്കപ്പെടുന്ന കാമുകിയല്ല അമ്മു. പകരം “എന്ത് പണിയാ നീ കാണിച്ചേ, വീണ് പോയിരുന്നെങ്കിലോ?” എന്ന് അങ്ങേയറ്റം കരുതലോടെ അവള്‍ ചോദിക്കുന്നുണ്ട്.

Read More: ‘ഈട’ എന്നെ പൊളിറ്റിക്കലാക്കി: നിമിഷ സജയന്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളത്തിനു സമ്മാനിച്ച നടിയാണ് നിമിഷ. അഭിനയിച്ച വേഷങ്ങളൊക്കെ തന്നെയും മറ്റൊരു നായികയെ സങ്കല്‍പ്പിക്കാനുള്ള സ്‌കോപ്പു പോലും നിമിഷ പ്രേക്ഷകരില്‍ ബാക്കിവയ്ക്കുന്നില്ല. തൊണ്ടിമുതലില്‍ പറയുന്നുണ്ട് “പെണ്ണ് ധൈര്യം കാണിക്കാതെ ലോകത്ത് ഇന്നുവരെ ഒരു പ്രണയവും വിജയിച്ചിട്ടില്ല” എന്ന്. അത്തരത്തില്‍ ധൈര്യം കാണിക്കുന്ന, “എന്നാല്‍ നമുക്ക് കല്യാണം കഴിക്കാ”മെന്നു പറഞ്ഞ് കാമുകനേയും വിളിച്ചുകൊണ്ട് രജിസ്റ്റര്‍ ഓഫീസില്‍ പോകുന്ന അമ്മുവിനോട് അത്രമേല്‍ ഇഷ്ടം തോന്നും. ഒടുവില്‍ തളര്‍ന്നു വീണ നന്ദുവിനെയും താങ്ങി വിജനതയിലേക്ക്, ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാവുന്ന തെരുവിലേക്ക് ഇറങ്ങി നടക്കുന്നുണ്ട് ആ കഥാപാത്രം.

“സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്” എന്ന് അപ്പുവും “മാര്യേജ് ഈസ് നോട്ട് എ പ്രോമിസ്” എന്ന് അമ്മുവും പറയുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത പാര്‍വ്വതിയ്ക്കും റിമാ കല്ലിങ്കലിനും നേരെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആക്രമണവും അധിക്ഷേപവും തുടരുമ്പോള്‍ ഒരു വലിയ പരിധി വരെ സെല്ലുലോയ്ഡിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനോട് നീതി പുലര്‍ത്തുകയാണ് അമ്മുവും അപ്പുവും.

അരുവി

Aditi Balan, Aruvi

സൂപ്പര്‍ സ്റ്റാറുകള്‍ അരങ്ങുവാഴുന്ന തമിഴ് സിനിമാ ലോകത്ത് ഒരു നായകന്‍ പോലുമില്ലാതെയാണ് അരുവി എന്ന ചിത്രം നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമന്‍ നമുക്കു മുന്നിലേക്ക് വയ്ക്കുന്നത്. അതിഥി ബാലന്‍ എന്ന പുതുമുഖ നായികയാണ് അരുവിയിലെ അത്ഭുതം. പാതി മലയാളികൂടിയാണ് അതിഥി.

Read More: തമിഴ് സിനിമയുടെ ഈ അതിഥി, കേരളത്തിന്‌ സ്വന്തം

സമൂഹത്തിന്‍റെ നടപ്പുശീലങ്ങളുടെ കരണത്തടിയാണ് ഈ ‘കുഞ്ഞു’ സിനിമ. തമിഴ്‌നാട്ടിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയാണ് അരുവി. ഒരു പ്രത്യേക ഘട്ടത്തില്‍ അരുവിയുടെ ലോകം, ജീവിതം കീഴ്‌മേല്‍ മറിയുകയാണ്. മുന്നോട്ടുള്ള ജീവിതത്തെ അവള്‍ നേരിടുന്നന് കൂസലില്ലായ്മയോടെയാണ്. ചോദ്യം ചെയ്യുന്ന പെണ്ണിനെ ഉള്‍ക്കൊള്ളാനാകാത്ത സമൂഹത്തിനു നേരെ തലയുയര്‍ത്തിനിന്ന് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് അരുവി.

അടുത്തകാലത്തൊന്നും സിനിമാ ലോകവും പ്രേക്ഷകരും ഇത്രയധികം ആഘോഷിച്ച, ആരാധിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയെന്ന ആണ്‍ലോകത്തേക്കാണ് ഈ മൂന്നു പെണ്ണുങ്ങളും കൂളായി കയറിവന്ന് തലക്കിട്ടോരോ കിഴുക്കും കൊടുത്ത് ഇറങ്ങി പോകുന്നത് (ഇറങ്ങിപ്പോകുന്നുണ്ടോ ഇല്ലയോ എന്നു പറയേണ്ടത് പ്രേക്ഷകരാണ്). മൂന്നും പുതുമുഖനായികമാരാണ് എന്നതാണ് മറ്റൊരു സന്തോഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ