കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയിൽനിന്നും നടി ഒവിയയെ പുറത്താക്കിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെ ഒവിയയെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. കൂട്ടത്തിൽ വിവാഹം കഴിക്കാൻ തയാറാണെന്ന് പറഞ്ഞ് ചിമ്പുവിന്റെ പേരിലുളള ട്വിറ്റർ അക്കൗണ്ടിൽനിന്നും ഒരു ട്വീറ്റും വന്നു. ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി. ഇതിനു പിന്നാലെ ട്വീറ്റ് വ്യാജമാണെന്ന് അറിയിച്ച് ചിമ്പു രംഗത്തെത്തി.

”എന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. പക്ഷേ ബിഗ്ബോസിലെ മൽസരാർഥിയായ നടിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ വന്ന വാർത്ത ശരിക്കും വേദനിപ്പിച്ചു. എന്റെ പേരിലുളള വ്യാജ അക്കൗണ്ടിൽനിന്നും ഉത്തരവാദിത്തബോധമില്ലാത്ത ചിലരാണ് ഈ വ്യാജടീറ്റ് പുറത്തുവിട്ടത്. പക്ഷേ എന്നെ വേദനിപ്പിച്ചത് അതല്ല. ആ ട്വീറ്റ് ഞാൻ ചെയ്തതാണെന്ന് വിശ്വസിച്ച് മാധ്യമങ്ങൾ വാർത്തയാക്കിയതാണ്. ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ ഈ പ്രവൃത്തിയിൽ എനിക്ക് മിണ്ടാതിരിക്കാനാവില്ല. എന്റെ മീഡിയ വക്താക്കളിൽനിന്നോ എന്റെ വെരിഫൈഡ് ട്വിറ്റർ പേജിൽ നിന്നോ വരുന്നവ മാത്രം വാർത്തയാക്കുകയെന്ന് മാധ്യമങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. എന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുളള ചിലരുടെ പ്രവൃത്തികളെ വിശ്വസിക്കാതിരിക്കുക”യെന്ന് ചിമ്പു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Read More: ബിഗ് ബോസിൽ നിന്ന് ഒവിയ പുറത്ത്? ഒവിയ ഇല്ലെങ്കിൽ ഷോ പൂട്ടിക്കുമെന്ന് ആരാധകർ; തമിഴ് മനസ് കീഴടക്കിയ മലയാളിക്കുട്ടിയെ പരിചയപ്പെടാം

”വ്യാജവാർത്തയ്ക്കു പിന്നാൽ ആരാണെന്ന് എനിക്കറിയാം. ഇത് അവസാനത്തെ താക്കീതാണ്. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി മറ്റു രീതിയിലായിരിക്കും. പിശാചിനെ കെട്ടഴിച്ചുവിടാൻ ദൈവത്തെ പ്രേരിപ്പിക്കരുതെന്നും” വാർത്താക്കുറിപ്പ് പുറത്തിറക്കിയതിനുപിന്നാലെ ചിമ്പു ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ