ഛായാഗ്രഹണ  രംഗത്ത് അനവധി വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സ്ട്രീറ്റ് ലൈറ്റ്‌സ്.’  മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തെ ‘ഒരു അടിമുടി മമ്മൂട്ടിപ്പടം’ എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. ആക്ഷന്‍-ത്രില്ലര്‍-കോമഡി എന്ന അവകാശവാദത്തോടെയാണ് സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിയത്. എന്നാല്‍ സാധാരണക്കാരന്റെ സാമാന്യബോധത്തെയും, ക്ഷമയെയും പരീക്ഷിക്കുന്ന തരത്തിലിറങ്ങിയ, സമീപകാല ചിത്രങ്ങളിലേക്ക് ഒന്നു കൂടി, എന്നതില്‍ കവിഞ്ഞ് ‘സ്ട്രീറ്റ് ലൈറ്റ്സ്’ ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും കാണിക്കുന്നില്ല.

Read More: മമ്മൂക്ക തന്ന ബോണസ്: ‘സ്ട്രീറ്റ് ലൈറ്റ്സ്’ സംവിധായകന്‍ ഷാംദത്ത്

ഒരു ദിവസം സംഭവിക്കുന്ന കഥയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് പറയുന്നത്. സമ്പന്നനായ ഒരു വ്യവസായിയുടെ വീട്ടില്‍ പുലര്‍ച്ചെ നടക്കുന്ന ഒരു മോഷണത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. നഷ്ടപ്പെട്ട അഞ്ചുകോടി മൂല്യമുള്ള വജ്രമാല കള്ളപ്പണ മുതലായതുകൊണ്ട് ഔദ്യോഗികമായ കേസന്വേഷണം സാധിക്കില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജയിംസ് എന്ന മമ്മൂട്ടി കഥാപാത്രം അനൗദ്യോഗികമായി കേസ് അന്വേഷണം ആരംഭിക്കുകയാണ്. പിന്നീടങ്ങോട്ട് തൊണ്ടി മുതല്‍ പല കൈകള്‍ കേറിയിറങ്ങുകയാണ്. കള്ളന്‍മാരും പോലീസുകാരും ഇതിനു പുറകേ പായുമ്പോള്‍ ഒന്നുമറിയാത്ത കുറേപേരുടെ കൈകളിലൂടെ ഇത് കൈമാറിപ്പോകുന്നു.

ഫവാസ് മുഹമ്മദാണ് സ്ട്രീറ്റ് ലൈറ്റ്‌സിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദുര്‍ബലമായ തിരക്കഥയും അതിലും പരിതാപകരമായ ട്രീറ്റ്‌മെന്റുമാണ് സിനിമയുടേത്. മമ്മൂട്ടി എന്ന നടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി പോയിട്ട് പ്രത്യേകിച്ച് പുതുമ പോലുമില്ലാത്ത ഒരു കഥാപാത്രം. മമ്മൂട്ടി എന്ന താരത്തെ ആശ്രയിച്ച് ഇറങ്ങിയ സിനിമയല്ലേ എന്ന് കാണുന്നവര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല. പ്രായം മമ്മൂട്ടിക്കൊരു പ്രശ്‌നമല്ല, ഓടാനും ചാടാനും തല്ലാനുമെല്ലാം സാധിക്കും, പിന്നെ ഒടുക്കത്തെ ഗ്ലാമറും. മിതമായ വാക്കുകളില്‍ പറഞ്ഞാല്‍ ഇതാണ് ‘സ്ട്രീറ്റ് ലൈറ്റ്സ്’. അര മണിക്കൂറില്‍ എടുത്തു തീര്‍ക്കാവുന്ന ഒരു ഷോര്‍ട്ട് ഫിലിമിനെ രണ്ട് മണിക്കൂര്‍ വലിച്ചു നീട്ടി, മാറുന്ന കാലത്തെ മലയാള സിനിമയെ നോക്കി കൊഞ്ഞനം കുത്തുന്ന ചിത്രങ്ങളില്‍ ഒന്ന്. മമ്മൂട്ടിയുടെ കൂടി ഉടമസ്ഥതയിലുള്ള പ്ലേഹൗസാണ് നിര്‍മ്മാണമെന്നതുകൊണ്ട്, ഈ രക്തത്തില്‍ അവര്‍ക്കു മാത്രമേ പങ്കുള്ളൂ.

ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ എന്നീ താരങ്ങളുടെ പ്രകടനം തരക്കേടില്ലെന്നു പറയാം. സിനിമയിലെ ആകെയുള്ള ആശ്വാസം ലിജോ മോളും സൗബിന്‍ സാഹിറും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും പാട്ടുമാണ്. പക്ഷെ ‘ഇവര്‍ക്കെന്താ ഈ സിനിമയില്‍ കാര്യമെന്ന്?’ ഇടയ്ക്കിടെ ചിന്തിച്ചുപോകും. സംവിധായകന്‍ ഷാംദത്തിന്റെ സഹോദരന്‍ സാദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പോസീറ്റീവ് വശം എന്നു പറയാന്‍ അതു മാത്രമേയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ