‘ചിന്ന ഖുശ്ബു’ എന്ന പേരിലാണ് തമിഴകത്ത് ഹൻസിക അറിയപ്പെടുന്നത്. ഖുശ്ബുവുമായുളള രൂപസാദൃശ്യമാണ് ഹൻസികയ്ക്ക് ഈ വിളിപ്പേര് ചാർത്തിക്കൊടുത്തത്. ഹൻസികയെ ചിന്ന ഖുശ്ബുവെന്നു വിളിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഖുശ്ബു. തമിഴ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു ഖുശ്ബു ഇതിനെക്കുറിച്ച് പറഞ്ഞത്.

”ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നത് തെറ്റാണ്. ഞാൻ സാവിത്രിയെ പോലിരിക്കുന്നു. അതുകൊണ്ട് എന്നെ ചിന്ന സാവിത്രി, ചിന്ന പത്മിനി എന്നു വിളിച്ചുകൊണ്ടിരുന്നാൽ എനിക്ക് ദേഷ്യം വരും. എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ട്. എന്റെ ഐഡന്റിറ്റി നിലനിർത്താനാണ് ഞാൻ കഷ്ടപ്പെടുന്നത്. അവരൊക്കെ വലിയ നടികളാണ്. പക്ഷേ എപ്പോഴും അവരുമായി എന്നെ തരതമ്യം ചെയ്താൽ എനിക്ക് ദേഷ്യം വരും. അതുപോലെ ഒന്നോ രണ്ടോ തവണ ഹൻസികയെ ചിന്ന ഖുശ്ബുവെന്നു വിളിച്ചാൽ കുഴപ്പമില്ല”.

”ഹൻസികയ്ക്ക് അവരുടെ അമ്മ നല്ലൊരു പേര് വച്ചിട്ടുണ്ട്. സുന്ദരിയായ പെൺകുട്ടിയാണ്. അവളെ ഹൻസികയെന്ന് വിളിക്കൂ. അവൾക്ക് ഒരു ഐഡന്റിറ്റിയുണ്ട്. സിനിമയിൽ വരുന്ന സമയത്ത് ഖുശ്ബുവിനെപ്പോലെ ആവണം എന്നു വിചാരിച്ചിട്ടല്ലല്ലോ അവൾ വന്നത്. പിന്നെ എന്തിനാണ് അവളെ ഖുശ്ബുവെന്ന് വിളിക്കുന്നത്” ഖുശ്ബു ചോദിച്ചു.

2011 ൽ പുറത്തിറങ്ങിയ ‘മാപ്പിളൈ’ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക തമിഴകത്ത് എത്തുന്നത്. ധനുഷ് നായകനായ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കെയും കാതൽ’ എന്ന ചിത്രമാണ് ഹൻസികയെ ശ്രദ്ധേയമാക്കിയത്. തുടർന്നിങ്ങോട്ട് വേലായുധം, ഒരു കൽ ഒരു കണ്ണാടി, മാൻ കരാട്ടെ, വാലു, മനിതൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ