/indian-express-malayalam/media/media_files/2025/12/16/stolen-skies-anyarude-aakaashangal-sreekumar-k-iffk-2025-2025-12-16-15-11-37.jpg)
ട്രാൻസ്ജെന്റേഴ്സിന്റെ കഥ പറയുന്ന ചിത്രമാണ് ‘അന്യരുടെ ആകാശങ്ങൾ'. 30-ാമത് ഐഎഫ്എഫ്കെയിൽ 'മലയാള സിനിമ ഇന്ന്' എന്ന വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്ത ചിത്രത്തിന്റെ സംവിധായകൻ കെ ശ്രീകുമാർ ആണ്. തന്റെ തന്നെ ജീവിതം സംവിധായകൻ സിനിമയാക്കി മാറ്റുകയായിരുന്നു ഇവിടെ.
ഐഎഫ്എഫ്കെയ്ക്കിടെ 'അന്യരുടെ ആകാശങ്ങൾ' എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
"സമൂഹത്തോട് സംവദിക്കുന്നതിലും ഉപരിയായി ഈ സിനിമ സംസാരിക്കുന്നത് വ്യക്തികളോടാണ്. സമൂഹത്തെ സിനിമ ഒരിക്കലും പ്രതിസ്ഥാനത്ത് നിർത്തുന്നില്ല. തികച്ചും ആ വ്യക്തിയുടെ അല്ലെങ്കിൽ കഥാപാത്രത്തിന്റെ വളർച്ചയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്," കെ ശ്രീകുമാർ പറഞ്ഞു.
"ഞാൻ ഒരു ട്രാൻസ്ജെൻഡർ ആണ്. നിലവിലുള്ള പൊതുബോധങ്ങൾക്ക് മനസ്സിലാക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ഒരു വ്യക്തിയുടെ ജെൻഡറും സെക്ഷ്വാലിറ്റിയും. 'ട്രാൻസ്ജെൻഡർ' എന്ന ആശയം തന്നെ പലപ്പോഴും തെറ്റിപ്പോയ സങ്കൽപ്പമാണ്. സിനിമ എടുക്കുന്നതിൽ ആദ്യത്തെ വെല്ലുവിളി, എങ്ങനെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതായിരുന്നു.
ഞാൻ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയെ പരിചയപ്പെട്ടിട്ടുണ്ട്. എനിക്കും അവർക്കും വേറൊരു കുടുംബമുണ്ട്. കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനായി ഞാൻ ആറുമാസത്തോളം ആ കഥാപാത്രമായി ജീവിച്ചു. ക്രോസ് ഡ്രസ് ചെയ്യാൻ എനിക്ക് പണ്ടേ താല്പര്യമുണ്ടായിരുന്നു, അതിനാൽ ആറുമാസത്തോളം ഞാൻ സാരി ഉടുത്തിട്ടുണ്ട്. ഈ കാലയളവിൽ കോഴിക്കോട് നടന്ന 'ജെൻഡർ ആൻഡ് ലിറ്ററേച്ചർ' പരിപാടിയിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. എന്റെ ഇഷ്ടങ്ങളെ പിന്തുടരാൻ ഉണ്ടായിരുന്ന ഭയത്തെ ഞാൻ കീഴടക്കിയത് ഈ കാലയളവിലാണ്. ഈ അനുഭവങ്ങളുടെ സാക്ഷ്യത്തിലാണ് ഞാൻ തിരക്കഥ എഴുതി പൂർത്തിയാക്കുന്നത്," ശ്രീകുമാർ കൂട്ടിച്ചേർത്തു.
Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ
എൻ്റെ ജീവിതമാണ് 'അന്യരുടെ ആകാശങ്ങൾ'
"അന്യരുടെ ആകാശങ്ങൾ' എൻ്റെ ജീവിതം തന്നെയാണ്. എൻ്റെ ജെൻഡർ ഞാൻ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ആവശ്യപ്പെട്ടു. അഞ്ചു മണിക്കൂറോളം, രണ്ടു ദിവസം ഡോക്ടറുമായി സംസാരിച്ചതിൻ്റെ ഫലമായി അദ്ദേഹം എന്നോട് പറഞ്ഞു: "ശ്രീകുമാർ, നിങ്ങൾ ഒരു ട്രാൻസ്ജെൻഡർ ആണ്."
48 വർഷമായി ഒരുമിച്ച് നടക്കുന്ന എൻ്റെ സുഹൃത്തുക്കൾക്ക് പോലും ഈ സത്യം പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞിട്ട് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു: നല്ലൊരു പ്ലോട്ട് കിട്ടിയിട്ടുണ്ട്. നീയാണ് ആ പ്ലോട്ട്. ധൈര്യമുണ്ടോ? എനിക്കൊരു കുഴപ്പവുമില്ല, നമുക്കിത് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് കഥയും തിരക്കഥയും എഴുതിയത്.
Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ
'അന്യരുടെ ആകാശങ്ങൾ' അഥവാ 'Stolen Skies' എന്ന പേരിനു പിറകിൽ
ബഷീറിൻ്റെ 'ഭൂമിയുടെ അവകാശികൾ' എന്ന കഥയുണ്ട്. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന ആശയത്തിൽനിന്ന് ഇന്ന് മാറ്റം സംഭവിച്ച്, ഭൂമി ചിലരുടെ മാത്രമായിരിക്കുന്നു. ഏഞ്ചൽ പെരിസിൻ്റെ 'ആകാശം സ്വാതന്ത്ര്യം' എന്ന കവിതയുണ്ട്. ആകാശം സമം സ്വാതന്ത്ര്യം എന്നാണ് കവിതയിലൂടെ അവർ പറഞ്ഞുവെക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം ഓരോ ദിവസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
"നമ്മുടെ ആകാശങ്ങൾ ഇന്ന് അന്യരുടെയാണ്." നമുക്ക് പറക്കാനുള്ള അവകാശം കുറഞ്ഞുവരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരുടെയും സ്വാതന്ത്ര്യം അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സ് ഈ വിഭാഗങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന ഒരു ഭാഗം മാത്രമാണ്. അങ്ങനെയാണ് 'അന്യരുടെ ആകാശങ്ങൾ' എന്ന തലക്കെട്ടിലേക്ക് എത്തിച്ചേരുന്നത്.
Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ബാക്കി ഹെ എന്ന് ട്രോളന്മാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us