സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍താരത്തെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ടു ചലച്ചിത്ര-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ നല്‍കിയ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ഡോക്ടര്‍ ബിജു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നല്‍കിയ സംയുക്ത പ്രസ്താവന തന്നെയാണ് സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇതില്‍ എവിടേയും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ ബിജു വ്യക്തമാക്കി.

Read More: ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

‘ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവര്‍ക്കെതിരായ ഒരു പ്രസ്താവനയില്‍ ഞങ്ങളില്‍ ഒരാളും ഒപ്പ് വച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂര്‍ണ്ണമായി വായിച്ചു കേള്‍പ്പിച്ച ശേഷം ഇത് നിങ്ങള്‍ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ, അല്ലാതെ മാധ്യമങ്ങള്‍ ഫോണില്‍ വിളിച്ചു മോഹന്‍ലാലിനെതിരെ നിങ്ങള്‍ ഒപ്പിട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നല്ലേ പറയാന്‍ സാധിക്കൂ,’ എന്ന് ഡോക്ടര്‍ ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിനെതിരായ പ്രസ്താവനയില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന് വിശദീകരിച്ച് പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

Read More: മുഖ്യാധാരാ സിനിമയെ ബഹുമാനിക്കുന്നു, മോഹന്‍ലാലിനെ ക്ഷണിക്കുന്നത് സാംസ്കാരിക പ്രശ്നമാകേണ്ട കാര്യമില്ല: റസൂല്‍ പൂക്കുട്ടി

പ്രസ്താവനയില്‍ ഒന്നാമതായായിരുന്നു പ്രകാശ് രാജിന്റെ പേരുണ്ടായിരുന്നത്. എന്നാല്‍ താന്‍ ഇതില്‍ ഒപ്പിട്ടിട്ടില്ലെന്നും അത്തരമൊരു പ്രസ്താവനയെക്കുറിച്ച് തനിക്കൊന്നും അറിയുകയുമില്ലെന്നും പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

മോഹന്‍ലാലിന് എതിരായി താന്‍ എവിടേയും ഒന്നും എഴുതിയിട്ടോ ഒപ്പിട്ടിട്ടോ ഇല്ലെന്നു പറഞ്ഞുകൊണ്ട് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും രംഗത്തെത്തി. തനിക്ക് വാട്ട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തില്‍ മോഹന്‍ലാലിനെതിരെ എന്ന തരത്തില്‍ ഒരുപരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും, ഇത് മോഹന്‍ലാലിനെതിരെ നടത്തുന്ന ഗെയിം ആണെങ്കില്‍, ചതിക്കപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ഈ സാഹചര്യത്തില്‍ തന്റെ പേര് ഉപയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും സന്തോഷ് തുണ്ടിയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More: മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാ താരത്തെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള 105 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്നും പ്രതിഷേധക്കുറിപ്പില്‍ ഇവര്‍ അറിയിച്ചിട്ടുണ്ട്.

ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണമെന്നും അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ പേരെടുത്തു പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook