വെള്ളിയാഴ്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഒരു നിമിത്തം പോലെ അഞ്ചു പുരസ്കാര ജേതാക്കൾ ഒന്നിച്ചായിരുന്നു. മികച്ച നടനുള്ള പുരസ്കാരം നേടിയ ബിജു മേനോൻ, മികച്ച സംവിധായകനായ ദിലീഷ് പോത്തൻ, മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിമായ, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ശ്യാം പുഷ്കരൻ, മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം നേടിയ ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, മികച്ച കലാസംവിധായകനുള്ള അവാർഡ് നേടിയ ഗോകുൽ ദാസ് എന്നിവരെല്ലാം ഒന്നിച്ചാണ് മാധ്യമങ്ങളോട് പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്.
സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്നോടിയായി തൃശൂരിലെ ഹോട്ടലിൽ ഒത്തുകൂടിയതായിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, അഭിനേതാക്കളായ ബിജു മേനോൻ, ഉണ്ണിമായ, കലാസംവിധായകനായ ഗോകുൽദാസ് എന്നിവർ. അതിനിടയിലാണ് സർപ്രൈസായി അവാർഡ് വാർത്ത ഇവരെ തേടിയെത്തിയത്.
ഭാവന സിനിമയുടെ ബാനറിൽ ഷഹീദ് അറാഫത്ത് സംവിധാനംചെയ്യുന്ന തങ്കത്തിന്റെ ചിത്രീകരണം ഇന്ന് രാവിലെ തൃശ്ശൂരിൽ ആരംഭിച്ചിരിക്കുകയാണ്. ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന സിനിമ നിർമിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഉണ്ണിമായ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഡംഗൽ, സേക്രട്ട് ഗെയിംസ് എന്നിവയിലൂടെ ശ്രദ്ധേയനായ മറാത്തി താരം ഗിരീഷ് കുൽകർണി തങ്കത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എ.വി. ഗോകുൽദാസാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. കിരൺ ദാസ് എഡിറ്റിംഗും ഗൗതം ശങ്കർ ഛായാഗ്രഹണവും നിർവഹിക്കും.
Read more: ആദ്യ സംസ്ഥാന പുരസ്കാരത്തിന്റെ നിറവിൽ ബിജു മേനോനും ഉണ്ണിമായയും