/indian-express-malayalam/media/media_files/uploads/2023/09/Manju-Warrier.jpg)
എല്ലാ ഓണത്തിനും മുടങ്ങാതെ ഓണക്കോടി തരുന്ന സഹപ്രവർത്തകനെ കുറിച്ച് മഞ്ജുവാര്യർ
സിനിമയിൽ സ്ക്രീനിൽ നമ്മൾ കാണുന്നതിനുമപ്പുറം ആത്മബന്ധം ജീവിതത്തിൽ സൂക്ഷിക്കുന്ന അഭിനേതാക്കളുണ്ട്. സഹപ്രവർത്തകർ മാത്രമാവില്ല അവർ, ജീവിതത്തിൽ സഹോദരനായോ, സഹോദരിയായോ, അടുത്ത ചങ്ങാതിമാരായോ ഒക്കെ പരസ്പരം ചേർത്തുപിടിച്ചു മുന്നേറുന്നവർ. സിനിമലോകത്ത് തനിക്കേറെ ആത്മബന്ധമുള്ള, ഒരു സഹോദരനെ പോലെ എന്നും ചേർത്തുപിടിക്കുന്ന ഒരു നടനെ കുറിച്ചു മഞ്ജുവാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടനും നിർമാതാവുമായ മണിയൻപിളള രാജുവുമായി വർഷങ്ങളായുള്ള അടുപ്പത്തെ കുറിച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.
"രാജുവേട്ടനെ എപ്പോഴാണ് ആദ്യം പരിചയപ്പെട്ടത് എന്ന കണക്കൊന്നും എനിക്കോർമ്മയില്ല. എത്രയോ വർഷങ്ങളായി രാജുവേട്ടനുമായുള്ള സ്നേഹബന്ധം തുടങ്ങിയിട്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്തും അല്ലാതിരുന്ന കാലത്തും, എല്ലാ കാലത്തും, രാജുവേട്ടൻ വിളിച്ച് അന്വേഷിക്കുമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ എനിക്ക് ഓണക്കോടി എത്തിക്കുന്നത് രാജുവേട്ടനും ചേച്ചിയുമാണ്. എല്ലാവർഷവും ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ ആ ഓണക്കോടിയ്ക്കായി കാത്തിരിക്കും," മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.
ജീവിതത്തിൽ വലിയ ഭക്ഷണപ്രിയനും ഫലിത പ്രിയനുമാണ് മണിയൻപിള്ള രാജുവെന്നും മഞ്ജുവാര്യർ പറയുന്നു. "രാജുവേട്ടനെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് രാജുവേട്ടന് ഭക്ഷണത്തോടുള്ള ഇഷ്ടവും അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ സെൻസ് ഓഫ് ഹ്യൂമറും. യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം കാണിക്കുന്ന സെൻസ് ഓഫ് ഹ്യൂമറിന്റെ പകുതി പോലും രാജുവേട്ടൻ ചെയ്ത സിനിമകളിലോ കഥാപാത്രങ്ങളിലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സംസാരിക്കുമ്പോഴൊക്കെ ഒരു വാചകം കഴിഞ്ഞു രണ്ടാമത്തെ വാചകത്തിൽ നമ്മളെ പൊട്ടിചിരിപ്പിച്ചിട്ടേ രാജുവേട്ടൻ അവസാനിപ്പിക്കാറുള്ളൂ," മഞ്ജു കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/09/Maniyan-Pilla-Raju-Manju-Warrier.jpg)
എവിടെ വച്ചു കണ്ടാലും ഭക്ഷണം കഴിച്ചോ ഇല്ലയോ എന്നു ഉറപ്പുവരുത്താനും അദ്ദേഹം മറക്കാറില്ലെന്നും മഞ്ജുവാര്യർ പറയുന്നു. " കഴിഞ്ഞ തവണ അമ്മയുടെ മീറ്റിംഗ് സമയത്താണെന്നു തോന്നുന്നു, എനിക്ക് മീറ്റിംഗ് കഴിഞ്ഞു ഉടനെ ലൊക്കേഷനിൽ എത്തണമായിരുന്നു. ഊണ് കഴിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. രാജുവേട്ടൻ തിരുവന്തപുരത്തേക്ക് പോകുമ്പോൾ കഴിക്കാനായി വണ്ടിയിൽ കുറച്ചു പഴങ്ങൾ കട്ട് ചെയ്ത് വച്ചിരുന്നു. അതെന്നെ നിർബന്ധപൂർവം ഏൽപ്പിച്ചു ഷൂട്ടിംഗ് സ്ഥലത്ത് എത്തും മുൻപ് കഴിക്കണം എന്ന് പറഞ്ഞാണ് വിട്ടത്. ആ പാത്രമൊക്കെ ഞാനിന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്," നിറഞ്ഞ കരുതലും സ്നേഹവും പകർന്നു തരുന്ന ജേഷ്ഠ തുല്യനായ മണിയൻപിള്ളയെ കുറിച്ച് മഞ്ജു പറയുന്നു. കൗമുദി ടിവിയ്ക്ക് മണിയൻപിള്ള രാജു നൽകിയ അഭിമുഖത്തിനിടയിൽ അതിഥിയായി എത്തിയതായിരുന്നു മഞ്ജു.
മഞ്ജുവിന് ഓണക്കോടി കൊടുത്തു തുടങ്ങിയതിനു പിന്നിലെ കഥ മണിയൻപ്പിള്ള രാജുവും പങ്കുവച്ചു. "മഞ്ജു എന്റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ്‌നാട്ടിലെ ഏതോ ലൊക്കേഷനിൽ നിന്നും രാത്രി വണ്ടിയോടിച്ചാണ് മഞ്ജു പാവാടയുടെ ലൊക്കേഷനിൽ എത്തിയത്. രാവിലെ ആറുമണിക്ക് ഇവിടുത്തെ ഷൂട്ടിങ് കഴിഞ്ഞു നേരെ വീണ്ടും തമിഴ്‌നാട്ടിലേക്ക് പോയി. ആ സിനിമയിൽ അഭിനയിച്ചതിന് ഞാൻ പൈസ കൊടുത്തപ്പോൾ, എന്തൊക്കെ പറഞ്ഞിട്ടും മഞ്ജു എന്റെ കയ്യിൽ നിന്നും പൈസ വാങ്ങുന്നില്ല. ആ വർഷം ഓണത്തിന് ഞാനൊരു ഡ്രസ്സ് എടുത്തുകൊണ്ട് കൊടുത്തപ്പോൾ മഞ്ജുവിന്റെ കണ്ണൊക്കെ നിറഞ്ഞു. "എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല," എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു പോയി. അന്ന് തുടങ്ങിയതാണ് ഞാൻ, ഇപ്പോൾ ഏഴെട്ടു വർഷമായിട്ട് എല്ലാ ഓണത്തിനും ഞാൻ ഓണക്കോടി വാങ്ങി കൊടുക്കും. മഞ്ജു എവിടെയാണെങ്കിലും ഞാൻ ഓണക്കോടി കൊറിയർ അയച്ചു കൊടുക്കും. ആ ഓണക്കോടിയിട്ട് പടമൊക്കെ എടുത്തു മഞ്ജു എനിക്ക് അയച്ചു തരും. ബെൽജിയം എന്ന സ്ഥലത്ത് ചാക്കോച്ചന്റെയും പിഷാരടിയുടെയും കൂടെ മഞ്ജു ഒരു പ്രോഗ്രാമിന് പോയപ്പോൾ, പിഷാരടി എനിക്ക് ഒരു വീഡിയോ അയച്ചു തന്നു. 'രാജുച്ചേട്ടൻ എടുത്തു തന്ന ഡ്രസ്സ് ആണ് എന്ന് പറഞ്ഞ് ആ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് ഫാഷൻ ഷോയിലെ പോലെ നടക്കുന്നത്'. അത്ര നല്ലൊരു സുഹൃത്താണ് മഞ്ജു," മണിയൻ പിള്ള രാജു പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/09/image.png)
കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷനിൽ നിന്നും ആരംഭിച്ച സൗഹൃദത്തെ ഏറ്റവും അമൂല്യമായി കാണുന്നുവെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
"ഞാൻ മഞ്ജുവിന്റെ കാര്യത്തിൽ ഒരു കെയറിങ് എപ്പോഴും കൊടുക്കാറുണ്ട്. സാധാരണ എല്ലാ നടിമാരുടെയും കൂടെ ടച്ചപ്പ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പത്തു പതിനാറുപേർ ഉണ്ടാകും. മഞ്ജു ഒറ്റയ്ക്കാണ് വരുന്നത്. ഏത് രാജ്യത്ത് ഷൂട്ടിങ്ങിനു പോയാലും കേരളത്തിൽ വന്നാലും മഞ്ജുവിന്റെ കൂടെ ഒരു അസിസ്റ്റന്റും ഇല്ല. വണ്ടിയിൽ നിന്നിറങ്ങി സ്വയം പെട്ടി എടുത്തോണ്ട് പോകും, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിലെ പയ്യന്മാർ വന്നു ഹെല്പ് ചെയ്‌താൽ ചെയ്തു. സ്വന്തം വസ്ത്രങ്ങൾ നനയ്ക്കുന്നതും അടുക്കുന്നതും എല്ലാം ഒറ്റയ്ക്കാണ്. അങ്ങിനെ വേറെയാരും ഇല്ല, ഒറ്റയ്ക്ക് സ്ട്രോങ്ങ് ആയിട്ട് ഇങ്ങിനെ ജീവിക്കുന്നയാൾ. ഇടയ്ക്കൊക്കെ ഏതെങ്കിലും പടം വരുമ്പോൾ എന്നെ വിളിക്കും രാജുച്ചേട്ടാ ഇങ്ങിനെയൊരു പടം ഉണ്ട്, അഭിനയിക്കാൻ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണം എന്ന് പറയും. അവർ കാണിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറയും. തിരുവനന്തപുരത്തു വന്നാൽ എന്റെ വീട്ടിൽ വരും, ഞാനും വൈഫും അങ്ങോട്ടും പോകാറുണ്ട്. അവരുടെ കൂടെയുള്ള എല്ലാ നിമിഷവും നല്ല ഓർമ്മകളാണ്. സിനിമയിൽ സൗഹൃദങ്ങൾ സെറ്റിടുന്ന ഒരുപാടുപേരുണ്ട്, കാണുമ്പോൾ മാത്രം വളരെ സ്നേഹം കാണിക്കുന്നവ.ർ അത് സെറ്റാണ് എന്ന് അപ്പോൾ തന്നെ മനസിലാവും. മഞ്ജു നല്ല ജനുവിനായിട്ട് സ്നേഹിക്കുന്ന ആളാണ്," മണിയൻ പിള്ള രാജു പറഞ്ഞുനിർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.