/indian-express-malayalam/media/media_files/2025/12/08/wcc-and-dileep-case-2025-12-08-09-08-05.jpg)
2017 ഫെബ്രുവരി 17- കേരളത്തെയും മലയാള സിനിമയെയും ഒന്നടങ്കം ഞെട്ടിച്ച ക്വട്ടേഷൻ പീഡനം നടന്നത് ആ ദിവസമാണ്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി കാറിനുള്ളിൽ വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതൊരു ക്വട്ടേഷൻ പീഡനം ആയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകൾ പിന്നീട് പുറത്ത് വന്നു.
തൊട്ടടുത്ത ദിവസം, 2018 ഫെബ്രുവരി 18, എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിനിമ പ്രവർത്തകർ ഒത്തുകൂടി. അവിടെ വച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ഈ കേസിന്റെ ഗതി മാറാനും അന്വേഷണം ഊർജ്ജിതമാക്കാനും കാരണമായത്. "ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്," എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.
/filters:format(webp)/indian-express-malayalam/media/media_files/2025/12/08/manju-warrier-2025-12-08-09-18-10.jpg)
കിട്ടിയ അവസരം മുതലാക്കി ഒരുപറ്റം ഗുണ്ടകൾ ചെയ്ത കുറ്റകൃത്യമല്ല ഇതെന്നും ഇതൊരു ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും ക്വട്ടേഷനാണെന്നും സമൂഹം തിരിച്ചറിഞ്ഞത് അന്നാണ്.
ആ ക്വട്ടേഷനു പിന്നിൽ നടന്‍ ദിലീപിന്റെ കൈകളുണ്ടെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. അതോടെ ഇരുചേരികളായി തിരിയുകയായിരുന്നു സമൂഹമാധ്യമങ്ങളും പൊതുജനങ്ങളും. ഒരുപറ്റം മനുഷ്യർ ദിലീപ് അനുകൂലികളായി നിന്ന് നടന്റെ നിരപരാധിത്വം ഉയർത്തി കാട്ടാനായി പട വെട്ടി, എല്ലാം ആക്രമിക്കപ്പെട്ട നടിയുടെ പ്രശ്നമാണെന്ന് പറഞ്ഞ് അവർ നടിയെ വീണ്ടും വീണ്ടും കല്ലെറിഞ്ഞു. മറ്റൊരു കൂട്ടർ നടിക്ക് നിസീമമായ പിന്തുണ പ്രഖ്യാപിച്ചു കൂടെ നിന്നു.
ഈ കലുഷിതമായ അന്തരീക്ഷത്തിനിടെയാണ് മലയാള സിനിമയിൽ അപൂർവ്വമായൊരു സംഘടന (ഒരു കൂട്ടായ്മ) രൂപം കൊണ്ടത്. സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷ, തുല്യത, അന്തസ്സ് എന്നിവ ഉറപ്പുവരുത്തുന്നതിനായി വിമൻ ഇൻ സിനിമ കളക്ടീവ് (WCC) എന്ന സംഘടന പിറന്നു. നടിക്ക് നേരെ നടന്ന അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഈ സംഘടന, ഇന്ത്യൻ സിനിമാ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഒരു വനിതാ കൂട്ടായ്മയാണ്.
ഡബ്ല്യുസിസി രൂപീകരണം
2017 ഫെബ്രുവരിയിലെ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഡബ്ല്യുസിസിയുടെ രൂപീകരണത്തിന് പ്രധാന കാരണമായത്. മലയാള സിനിമാ ലോകത്തെ നിലനിന്നിരുന്ന സ്ത്രീവിരുദ്ധതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും വിരൽചൂണ്ടുന്നതായിരുന്നു ഈ സംഭവം.
അതിക്രമത്തിന് ഇരയായ നടിക്കുള്ള പിന്തുണ എന്ന നിലയിൽ, സിനിമാ മേഖലയിലെ സ്ത്രീകൾക്കിടയിൽ ഒരു അനൗപചാരിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആയിട്ടാണ് ഡബ്ല്യുസിസി എന്ന കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് അനൗപചാരിക കൂട്ടായ്മയിൽ നിന്ന് ഒരു സംഘടന എന്ന രൂപത്തിലേക്ക് ഡബ്ല്യുസിസി വളരുകയായിരുന്നു.
ഔദ്യോഗിക രൂപീകരണം
അതിജീവിച്ച നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പത്തോളം വനിതാ ചലച്ചിത്ര പ്രവർത്തകർ 2017 മെയ് മാസത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/08/wcc-members-with-pinarayi-vijayan-2025-12-08-08-53-42.jpg)
രജിസ്ട്രേഷൻ
2017 നവംബർ 1, കൂടുതൽ ശക്തവും നിയമപരവുമായ ഇടപെടലുകൾ നടത്താൻ ലക്ഷ്യമിട്ട് ഡബ്ല്യുസിസി, 'വിമൻ ഇൻ സിനിമ കളക്ടീവ് ഫൗണ്ടേഷൻ' എന്ന പേരിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. നടിമാർ, സംവിധായകർ, എഴുത്തുകാർ, ടെക്നീഷ്യൻസ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഇതിൽ അംഗങ്ങളായി.
സിനിമാരംഗത്ത് തുല്യമായ ഇടവും തുല്യ അവസരങ്ങളും ഉറപ്പാക്കുക, വിവേചനമില്ലാത്തതും സുരക്ഷിതവുമായ തൊഴിലിടം സൃഷ്ടിക്കുക എന്നതായിരുന്നു ഡബ്ല്യുസിസി മുന്നോട്ട് വച്ച ലക്ഷ്യം.
ഡബ്ല്യുസിസിയുടെ നാൾവഴികൾ
ഡബ്ല്യുസിസിയുടെ ചരിത്രം പ്രധാനമായും നീതിക്കായുള്ള പോരാട്ടങ്ങളുടെയും വ്യവസായപരമായ മാറ്റങ്ങൾക്കുവേണ്ടിയുള്ള ശക്തമായ ഇടപെടലുകളുടെയും നാൾവഴികളാണ്.
നീതിക്കായുള്ള പോരാട്ടം
അതിജീവിച്ച നടിയുടെ കേസിൽ ഡബ്ല്യുസിസി ഉറച്ച പിന്തുണ നൽകി. കേസിൽ പ്രതിയായ നടനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ 'അമ്മ'യുടെ നീക്കത്തെ ശക്തമായി ഡബ്ല്യുസിസി എതിർത്തു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്
സിനിമാ രംഗത്തെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഈ റിപ്പോർട്ട് പരസ്യമാക്കാനും ശുപാർശകൾ നടപ്പിലാക്കാനും ഡബ്ല്യുസിസി നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2024/12/12/aCScENdAUxHYXKLG8YfX.jpg)
സുരക്ഷിതമായ തൊഴിലിടം
ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചതും WCC ആണ്. സിനിമയുടെ ഓരോ സെറ്റുകളിലും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം (POSH Act, 2013) അനുസരിച്ചുള്ള ഐസിസി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.
ഡബ്ല്യുസിസിയുടെ ഹർജിയെ തുടർന്ന്, 50-ൽ അധികം ജീവനക്കാരുള്ള സിനിമാ നിർമ്മാണ യൂണിറ്റുകളിൽ ഐസിസി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് WCCയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായും സിനിമാ ലോകത്തെ ഒരു നാഴികക്കല്ലായും കണക്കാക്കപ്പെടുന്നു.
സിനിമാരംഗത്തും സമൂഹത്തിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധത, തൊഴിലിടത്തിലെ ചൂഷണം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഡബ്ല്യുസിസി ഒരു വർഷം നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രമുഖരായ സ്ത്രീകളെ ഉൾപ്പെടുത്തി ചർച്ചകളും സംവാദങ്ങളും നടത്തി.
പോളിസി നിർമ്മാണം
സിനിമാ വ്യവസായത്തിലെ മികച്ച തൊഴിൽ രീതികൾ, നിയമപരമായ പരിഷ്‌കാരങ്ങൾ, ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗരേഖകൾ എന്നിവ സംബന്ധിച്ച് ഡബ്ല്യുസിസി സർക്കാരിനും സിനിമാ സംഘടനകൾക്കും ശുപാർശകളും റിപ്പോർട്ടുകളും സമർപ്പിക്കുന്നു.
നടിയെ ആക്രമിച്ച കേസും WCCയുടെ പ്രസക്തിയും
നടിയെ ആക്രമിച്ച കേസിൻ്റെ വിധി പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡബ്ല്യുസിസിയുടെ പ്രസക്തി വർദ്ധിക്കുന്നു. ഡബ്ല്യുസിസിയുടെ രൂപീകരണം തന്നെ ഈ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു. അതിജീവിച്ച നടിക്ക് നീതി ലഭിക്കുന്നതുവരെ അവർക്ക് പരസ്യമായും നിയമപരമായും അചഞ്ചലമായ പിന്തുണ നൽകാൻ ഡബ്ല്യുസിസി മുന്നിൽ നിന്നു.
ഈ കേസിനെ ഒരു വ്യക്തിയുടെ പ്രശ്‌നം എന്നതിലുപരി, മലയാള സിനിമയിൽ നിലനിൽക്കുന്ന അധികാരഘടനയിലെയും ലിംഗവിവേചനത്തിലെയും വ്യവസ്ഥാപരമായ പ്രശ്‌നമായി ഡബ്ല്യുസിസി ഉയർത്തിക്കാട്ടി. സിനിമാ രംഗത്തെ പുരുഷാധിപത്യ കൂട്ടായ്മകളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
എട്ടു വർഷങ്ങൾക്കിപ്പുറവും WCC മലയാള സിനിമയിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു. അതിജീവിച്ചവർക്ക് നീതി ലഭിക്കുന്നതിനും സിനിമാ ലോകത്ത് സുരക്ഷിതവും തുല്യവുമായ തൊഴിലിടം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള WCC യുടെ ഈ പോരാട്ടം, ഇന്ത്യൻ സിനിമയിലെ മറ്റ് പ്രാദേശിക വ്യവസായങ്ങൾക്കും ഒരു മാതൃകയും പ്രചോദനവുമാണ്.
നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ 'അവൾക്കൊപ്പം' എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഡബ്ല്യുസിസി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്നും നടി കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകൾ ഇല്ലെന്നുമാണ് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/08/wcc-dileep-case-2025-12-08-09-02-12.jpg)
"ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് . അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിൻ്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്‌തു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നു. #അവൾക്കൊപ്പം," ഡബ്ല്യുസിസി കുറിച്ചു.
Also Read: Actress Attack Case: നടിയെ ആക്രമിച്ച കേസ്; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us