Stand up Movie Release: ‘മാന്‍ഹോള്‍’ എന്ന ചിത്രത്തിനുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സ്റ്റാന്‍ഡ് അപ്പ്’ ഇന്ന് തിയേറ്ററുകളിലെത്തി. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. അര്ജുന് അശോകന്, പുതുമുഖ താരം വെങ്കിടേഷ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു. കീര്‍ത്തിയുടെ ജീവിതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കേരളത്തിന് അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
Read Also: ‘സ്റ്റാൻഡ് അപ്പ്’ നിർമ്മിക്കാൻ എന്തുകൊണ്ട് ബി.ഉണ്ണികൃഷ്ണൻ?; വിധു വിൻസെന്റിന്റെ മറുപടി
ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ടോബിന് തോമസിന്റേതാണ്. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിർവഹിക്കുന്നു. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
”മാന്‍ഹോളി’ല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ അവരുടെ കുടുംബത്തെ അവരുടെ ജീവിതത്തെ, അവരുടെ സൗഹൃദങ്ങളെ, അവരുടെ സന്തോഷത്തെ, അവരുടെ വേദനകളെ, അവര്‍ക്ക് ആഴത്തിലുണ്ടായ മുറിവുകളെ എല്ലാം ഈ കോമഡിയിലൂടെ കാണിക്കുകയാണ്. ഈ കോമഡിയാണ് അവരുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്,’ വിധു പറയുന്നു.
കേരള സർക്കാരിന്റെ രണ്ട് പുരസ്കാരങ്ങളാണ് വിധു സംവിധാനം ചെയ്ത മാൻഹോളിനെ തേടിയെത്തിയത്. തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞ മാൻഹോളിലൂടെ മികച്ച ചിത്രത്തിനുളള പുരസ്കാരവും മികച്ച സംവിധായികയുടെ പുരസ്കാരവുമാണ് വിധുവിന് കിട്ടിയത്. വിധുവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മാൻഹോൾ.