രാജ്യത്തെ പ്രമുഖ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് സക്കീർ ഖാൻ. സ്വത സിദ്ധമായ ശൈലിയിലുള്ള അവതരണമാണ് സക്കീറിനെ ആസ്വാദകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.
സിനിമകളെ വളരെയധികം ഇഷ്ടപ്പെടുന്ന സക്കീറിന്റെ ജീവിതത്തിൽ ഒരു മനോഹരമായ നിമിഷം ഉണ്ടായിരിക്കുകയാണ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ അന്താരാഷ്ട്ര വിമാനതാവളത്തിൽ വച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട നടനെ നേരിൽ കാണാൻ അവസരം ലഭിച്ചു. അത് വേറാരുമല്ല സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ്.
തന്റെ ഇഷ്ട നടനെ കാണാനായതിന്റെ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിക്കുകയാണ് സക്കീർ. വളരെ മനോഹരമായ ഒരു കുറിപ്പാണ് ആ നിമിഷത്തെ വർണിച്ച് കൊണ്ട് സക്കീർ പങ്കുവച്ചത്.
“മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി” എന്നാണ് കുറിപ്പിന്റെ ആദ്യ ഭാഗത്ത് സക്കീർ കുറിച്ചത്. “മുംബൈ വിമാനതാവളത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ ഞങ്ങൾ പരിചയപ്പെടുകയും അദ്ദേഹം എന്നോട് സംസാരിക്കുകയും ചെയ്തു,” സക്കീർ തന്റെ അനുഭവം ഷെയർ ചെയ്തു.
സക്കീറിന്റെ യാത്രയെക്കുറിച്ചും മോഹൻലാൽ തിരക്കി. നാഗ്പൂരിലേക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് സക്കീറിന്റെ ഈ ആഗ്രഹം സഫലമായത്. തുടർന്ന് സക്കീറിന്റെ പ്രൊഫഷനെക്കുറിച്ചും താരം ചോദിക്കുകയുണ്ടായി.
താനൊരു സ്റ്റാന്റ് അപ്പ് കോമേഡിയനാണെന്നും ഈയടുത്തായി തന്റെ ജീവിതം നിറയെ സ്റ്റേജ് ഷോകളായി ചുറ്റിപ്പറ്റി നിൽക്കുകയാണെന്നുമായിരുന്നു സക്കീറിന്റെ മറുപടി. ഒരു കലാകാരനെ പരിചയപ്പെട്ടതിന്റെ സന്തോഷം മോഹൻലാലിന്റെ മുഖത്തുമുണ്ടായിരുന്നു. മുംബൈയിലാണോ ഇപ്പോൾ താമസം എന്ന സക്കിറിന്റെ ചോദ്യത്തിന് അല്ല കൊച്ചിയിലും ചെന്നൈയിലുമായാണ് താമസിക്കുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്.
കൊച്ചിയിൽ ഷോ ചെയ്തിട്ടുണ്ടോ എന്ന് സക്കീറിനോട് താരം ചോദിക്കുകയുണ്ടായി. അടുത്താഴ്ച്ച തനിക്ക് ഒരു ഷോ ഉണ്ടെന്നായിരുന്നു സക്കീറിന്റെ മറുപടി. എവിടെയാണ് പ്രോഗ്രാം നടക്കുന്നതെന്നുള്ള താരത്തിന്റെ ചോദ്യത്തിന് കൃത്യമായി സ്ഥലം ഓർമയില്ല, പക്ഷെ രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമാണെന്ന് സക്കീർ പറഞ്ഞു. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ തന്നെ സമീപിക്കാമെന്ന് പറഞ്ഞാണ് മോഹൻലാൽ പിരിഞ്ഞത്. തന്റെ ഫോൺ നമ്പർ സക്കീറിനു നൽകുകയും ചെയ്തു.
മോഹൻലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറയിലെ ജെറ്റി പെർഫോമിങ്ങ് ആർട്സിലാണ് സക്കീർ ഷോ അവതരിപ്പിക്കുന്നത്. സംഭാഷണത്തിനിടയിൽ മോഹൻലാൽ അത് സക്കീറിനോട് പറയുകയും ചെയ്തിരുന്നു.