ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം അതിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകനായ എസ്എസ് രാജമൗലി. ഈ ചിത്രത്തിന് ശേഷം മഹാഭാരതം ചലച്ചിത്ര ഭാഷ്യമാക്കി മാറ്റുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സിനിമാ പ്രേമികളെ ആകാംക്ഷാഭരിതരാക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയലെ മൂന്ന് പ്രമുഖ താരങ്ങള്‍ മഹാഭാരതം സിനിമയില്‍ ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ആമിര്‍ഖാന്‍, രജനീകാന്ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് ബോളിവുഡ് ലൈഫ് (bollywoodlife.com) റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ ഏത് കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുക എന്ന കാര്യത്തില്‍ രാജമൗലി തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹുബലി 2വിന്റെ ചിത്രീകരണം നടക്കുന്നത് കൊണ്ട് തന്നെ രാജമൗലി തിരക്കിലാണ്. എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനെ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ഇന്‍ഡസ്ട്രികളിലേയും ഈ മികച്ച താരങ്ങള്‍ ഒരു ചിത്രത്തില്‍ ഒന്നിച്ചാല്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഹിറ്റായി ചിത്രം മാറുമെന്നതില്‍ സംശയമില്ല.
മഹാഭാരതം സിനിമയാക്കുമ്പോള്‍ കൃഷ്ണന്‍, ദുര്യോധനന്‍, ഭീമന്‍, അര്‍ജുനന്‍, കര്‍ണ്ണന്‍ അങ്ങനെ ഒരുപാട്‌പേര്‍ വേണ്ടിവരുമെന്നും ഇവരെ കണ്ടെത്തുക എന്നത് പ്രയാസകരമാണെന്നും രാജമൗലി നേരത്തേ പ്രതികരിച്ചിരുന്നു. അന്ന് കൃഷ്ണനായി അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ച് ആമിര്‍ഖാന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. രാജമൗലി ഒന്നും പ്രതികരിച്ചിരുന്നില്ലെങ്കിലും താമസിയാതെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.