ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറിയ ചിത്രമാണ് രാജമൗലിയുടെ ‘ബാഹുബലി’. ബജറ്റിന്റെ കാര്യത്തിലും ബോക്സ് ഓഫീസ് വിജയത്തിലുമെല്ലാം തന്നെ പുത്തൻ റെക്കോർഡുകൾ കുറിച്ച ചിത്രമാണ് ബാഹുബലി. ബാഹുബലിയിലൂടെ മഹിഷ്മതിയും ശിവകാമിയും ദേവസേനയും പൽവാർ ദേവൻ ദേവനും മഹിഷ്മതി സാമ്രാജ്യവുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.
കോവിഡ് കാലത്ത് രാജ്യത്ത് എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയപ്പോൾ, മഹിഷ്മതി സാമ്രാജ്യത്തിലും മാസ്ക് ധരിക്കാതെ പറ്റില്ലെന്നായി. ബാഹുബലിയുടേയും പൽവാൾ ദേവന്റേയും മാസ്ക് വച്ച രസകരമായ വീഡിയോ ആണ് സംവിധായകൻ എസ്.എസ്.രാജമൗലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി കൂട്ടിച്ചേർത്തു.
2017 ഏപ്രില്‍ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലര്‍ റെക്കോര്‍ഡ്. 1700 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍. മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിട്ടുണ്ട്.
പ്രഭാസിന്റെ കരിയറിലെയും ഏറെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ബാഹുബലി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചിരുന്നു.
ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമോയെന്ന ചോദ്യം സംവിധായകൻ എസ്.എസ്.രാജമൗലിയോട് ചോദിച്ചപ്പോൾ ശക്തമായൊരു തിരക്കഥയുണ്ടായാൽ ചെയ്യുമെന്നാണ് പറഞ്ഞത്. ബാഹുബലിയിലെ നായകൻ പ്രഭാസും മൂന്നാം ഭാഗമുണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചിട്ടുള്ളത്.
രാജീവ് മസന്ദുമായുളള അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം പങ്കുവച്ചത്. ”എസ്.എസ്.രാജമൗലി മൂന്നാം ഭാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം ആവേശഭരിതനായിരിക്കണം. അദ്ദേഹം എനിക്ക് 6 തിരക്കഥകൾ മാത്രമാണ് നൽകിയത്. അങ്ങനെയെങ്കിൽ ചിലപ്പോൾ അദ്ദേഹം 10-14 എണ്ണം എഴുതിയിട്ടുണ്ടാകും. അവിടെ തന്നെ ഞങ്ങൾ 60 ശതമാനത്തോളം പൂർത്തിയായി. അദ്ദേഹത്തിന്റെ മനസിൽ 5 വർഷമായി ഈ തിരക്കഥ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ബാഹുബലി 3 സംഭവിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല,” പ്രഭാസ് പറഞ്ഞിരുന്നു.