ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം തനിക്ക് ചിത്രീകരിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ‘ആർആർആർ’ ആണ് രാജമൗലിയുടെ സംവിധാനത്തിൽ അവസാനമായി റിലീസിനെത്തിയ ചിത്രം. അന്താരാഷ്ട്ര നിലയിൽ ‘ആർആർആർ’ ശ്രദ്ധ നേടി നിൽക്കുമ്പോഴാണ് മഹാഭാരതം പത്തു ഭാഗങ്ങളായി ചിത്രീകരിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം രാജമൗലി വ്യക്തമാക്കിയത്.
“മഹാഭാരതം ചിത്രീകരിക്കണമെന്ന് എന്നെങ്കിലും തോന്നിയാൽ, രാജ്യത്ത് ലഭ്യമാകുന്ന മഹാഭാരതം വേർഷനുകളെല്ലാം ഒരു വർഷത്തോളം സമയമെടുത്ത് വായിച്ചു തീർക്കും. അതു പത്തു ഭാഗങ്ങളുള്ളൊരു ചിത്രമായിരിക്കുമെന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് പറയാൻ പറ്റുക” രാജമൗലി പറഞ്ഞു.
ഹിന്ദു ഇതിഹാസം പ്രമോയമാക്കി ഒരു ചിത്രം ഒരുക്കുക എന്നത് രാജമൗലിയുടെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. “ഏതൊരു ചിത്രം ചെയ്യുമ്പോഴും, മഹാഭാരതം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പായാണ് ഞാൻ അതിനെ കാണുന്നത്. അതെന്റെ സ്വപ്നമാണ്, ഞാൻ വയ്ക്കുന്ന ഓരോ പടിയും ആ സ്വപ്നത്തിലേക്കുള്ളതാണ്” രാജമൗലി കൂട്ടിച്ചേർത്തു.
ഇതുവരെ കേട്ടതും അറിഞ്ഞതുമായ മഹാഭാരതത്തിൽ നിന്നും വളരെ വ്യത്യസ്മായിരിക്കും തന്റെ ചിത്രമെന്ന് ഒരിക്കൽ രാജമൗലി വ്യക്തമാക്കിയിരുന്നു. “മഹാഭാരതത്തിനായി ഞാൻ എഴുതുന്ന കഥാപാത്രങ്ങൾ നിങ്ങളിതു അറിഞ്ഞതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. എന്റേതായ രീതിയിലായിരിക്കും ഞാൻ കഥ പറയുക. മഹാഭാരതത്തിനു ഒരു വ്യത്യസവും ഉണ്ടാകില്ല, പക്ഷെ കഥാപാത്രങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ കുറച്ചു കൂടി കാര്യങ്ങൾ കൂട്ടിച്ചേർക്കും” രാജമൗലിയുടെ വാക്കുകളിങ്ങനെ.
2022 ലാണ് രാജമൗലി ചിത്രം ‘ആർആർആർ’ തീയേറ്ററുകളിലെത്തിയത്. ബെസ്റ്റ് ഒർജിനൽ സോങ്ങ് വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഓസ്കർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. മഹേഷ് ബാബുവിനൊപ്പമുള്ള തന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ രാജമൗലി.