തെന്നിന്ത്യൻ നടി സാവിത്രയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. കീർത്തി സുരേഷാണ് വെളളിത്തിരയിൽ സാവിത്രിയായി എത്തിയത്. ജെമിനി ഗണേശന്റെ വേഷത്തിൽ ദുൽഖർ സൽമാനുമുണ്ട്. സിനിമ കണ്ടിട്ട് കീർത്തിയുടെയും ദുൽഖറിന്റെയും അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ എസ്.എസ്.രാജമൗലി.

”ഞാൻ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച പ്രടനങ്ങളിൽ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയം. അത് വെറും അനുകരണമല്ല. ആ ഇതിഹാസ താരത്തെ കീര്‍ത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ദുല്‍ഖര്‍ സല്‍മാന്റേത് തികച്ചും അതിശയകരമായ പ്രകടനമാണ്. ഞാന്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ ആരാധകനാണ്” രാജമൗലി കുറിച്ചു.

ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാമന്ത അക്കിനേനി, വിജയ്‌ ദേവരകൊണ്ട എന്നിവരും ചിത്രത്തിലുണ്ട്.

1920 നവംബര്‍ 17ന് തമിഴ്നാട്ടിലെ പുതുകോട്ടയില്‍ ജനിച്ച ഗണപതി സുബ്രമണ്യ ശര്‍മ്മ എന്ന ജെമിനി ഗണേശനും 1936 ജനുവരി 4ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച സാവിത്രിയും ആദ്യമായി കണ്ടുമുട്ടുന്നത് മദിരാശിയിലെ ജെമിനി സ്റ്റുഡിയോയില്‍ വച്ചാണ്. 28 വയസുകാരനായിരുന്ന ഗണേശന്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാലമായിരുന്നു അത്. 1950 കളുടെ തുടക്കത്തില്‍ ജെമിനി ഗണേശനും സാവിത്രിയും ശ്രദ്ധേമായ വേഷങ്ങള്‍ ചെയ്ത് താരങ്ങളായി മാറി. അതിനോടൊപ്പം പ്രണയബദ്ധരുമായി.

സിനിമ ഒന്ന്, ലുക്കുകൾ 110; ഒടുവിൽ കീർത്തി സുരേഷ് സാവിത്രിയായി

തന്‍റെ 20-ാം വയസ്സില്‍ തന്നെ അലമേലു എന്ന ബാബ്ജിയുമായി വിവാഹിതനായിരുന്നു ജെമിനി ഗണേശന്‍. സാവിത്രിയുമായി പ്രണയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റൊരു കാമുകിയായ പുഷ്പവല്ലിയും ഗണേശന്‍റെ ജീവിതത്തിലേക്ക് എത്തി. എന്നാല്‍ ഇതൊന്നും തന്നെ ജെമിനി ഗണേശന്‍-സാവിത്രി പ്രണയത്തെ തെല്ലും ബാധിച്ചില്ല. അപ്പോഴേക്കും തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറിയിരുന്നു സാവിത്രി. രഹസ്യമായി വിവാഹിതരായ ഇവര്‍ 1956ല്‍ തങ്ങളുടെ വിവാഹം പരസ്യപ്പെടുത്തി. സാവിത്രിയുടെ കുടുംബത്തിന്‍റെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു ജെമിനി ഗണേശനുമായുള്ള അവരുടെ വിവാഹം.

ഒരു പരസ്യത്തില്‍ അഭിനയിച്ച സാവിത്രി അതില്‍ ‘സാവിത്രി ഗണേശന്‍’ എന്ന് ഒപ്പിട്ടത് തുടങ്ങി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്ന്, വാര്‍ത്തകളില്‍ നിറഞ്ഞു ഇവരുടെ പ്രണയവും വിവാഹവും. രണ്ടു മക്കളുമുണ്ടായി ഈ വിവാഹത്തില്‍, വിജയ എന്ന മകളും സതീഷ്‌ എന്ന മകനും.

മുന്‍കാല ശീലങ്ങളുടെ തുടര്‍ച്ചയെന്നോണം വൈകാതെ മറ്റൊരു പ്രണയബന്ധത്തില്‍ പെട്ടു ജെമിനി ഗണേശന്‍. തന്നെക്കാള്‍ പ്രായത്തില്‍ വളരെക്കുറഞ്ഞ ജൂലിയാന എന്ന പെണ്‍കുട്ടിയെ വിവാഹവും കഴിച്ചു. സ്വകാര്യ ജീവിതത്തില്‍ നേരിട്ട തിരിച്ചടികളും മങ്ങി തുടങ്ങിയ സിനിമാ ജീവിതവും സാവിത്രിയെ കടുത്ത മദ്യപാനിയാക്കി. 46-ാം വയസില്‍ അവര്‍ മരിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ