എസ്.എസ്.രാജമൗലിയൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 തിയേറ്ററിൽ തകർത്തോടി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ച് പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. സിനിമയ്‌ക്കായി കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുകയാണ് സംവിധായകൻ രാജമൗലി. തന്റെ ഫെയ്‌സ്ബുക്കിലാണ് രാജമൗലി ഇക്കാര്യം കുറിച്ചിരിക്കുന്നത്.

“ബാഹുബലിയെ പോലെ വലിയൊരു സിനിമ റിലീസ് സമയത്ത് പ്രതിസന്ധി നേരിടുന്നത് സ്വാഭാവികമാണ്. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്‌ത് മുന്നോട്ട് പോവാൻ ഞങ്ങളെ സഹായിച്ചത് ബാഹുബലിയുടെ ആരാധകർ കാണിച്ച സ്‌നേഹവും പിന്തുണയുമാണ്. കഴിഞ്ഞ അഞ്ച് വർഷം ഞങ്ങളുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയുളള ജീവിതം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കാവുന്ന വലിയൊരു വിജയമാണ് നിങ്ങൾ നൽകിയിരിക്കുന്നത് ” രാജമൗലി ഫെയ്‌സ്ബുക്കിൽ കുറിക്കുന്നു.

ചിത്രത്തിന്റെ റിലീസിന് ഒരു പാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ കർണാടകയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് കർണാടകയിൽ ചിത്രം റിലീസ് ചെയ്യാനനുവദിക്കില്ലെന്ന തരത്തിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. സത്യരാജ് കർണാടകക്കാരോട് മാപ്പ് പറഞ്ഞതോടെയാണ് ആ പ്രതിഷേധം തണുത്തതും സിനിമ റിലീസ് ചെയ്യാൻ തീരുമാനമായതും. തമിഴ് നാട്ടിലും ബാഹുബലി റിലീസ് ചെയ്യുന്നതിന് തടസങ്ങളുണ്ടായിരുന്നു. തുടർന്ന് ഏപ്രിൽ 28ന് ഉച്ചയോടെയാണ് തമിഴ് നാട്ടിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.

2015ലാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. അന്ന് തുടങ്ങിയ കാത്തിരിപ്പാണ് രണ്ടാം ഭാഗത്തിനായി. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുത്തരവും നിരവധി വിസ്‌മയങ്ങളും തീർക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം.
പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ