ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ആർആർആർ’ ജനുവരി 7ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാഹുബലി പുറത്തിറങ്ങി അഞ്ച് വർഷം പിന്നിടുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഇന്ത്യൻ സിനിമയുടെ മുഖഛായ തന്നെ മാറ്റിയ ബാഹുബലിയ്ക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി രാജമൗലി എത്തുമ്പോൾ എന്ത് അത്ഭുതമാണ് കാത്തുവച്ചിരിക്കുന്നത് എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ, ആർആർആറിലെ അജയ് ദേവ്ഗണിന്റെയും ആലിയയുടെയും കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രാജമൗലി. “ഞാനെന്റെ പ്രേക്ഷകരെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നില്ല. അവരിരുവരും ചിത്രത്തിൽ അതിഥി വേഷങ്ങളാണ് ചെയ്യുന്നത്. ചിത്രത്തിൽ അവർക്കിരുവർക്കും തുല്യപ്രാധാന്യമുണ്ട്, ചില സമയങ്ങളിൽ അവർ നായകന്മാരേക്കാൾ പ്രധാനപ്പെട്ടവരാണ്.”

“ഒരു റോളും അതിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയല്ല പ്രധാനമാവുന്നത്. ആർആർആറിൽ ആലിയ ഭട്ടിന്റെയും അജയ് ദേവ്ഗണിന്റെയും വേഷങ്ങൾ വളരെ പ്രധാനമാണ്. ആർആർആറിനെ ഒരു ശരീരമായി കാണുകയാണെങ്കിൽ, ചിത്രത്തിലെ അജയ് സാറിന്റെ കഥാപാത്രം അതിന്റെ ആത്മാവാണ്. സിനിമയിൽ രണ്ട് ശക്തികൾ, രണ്ട് ശക്തികേന്ദ്രങ്ങൾ ഉണ്ട്, അവയെ സന്തുലിതമാക്കേണ്ട ഒരാളുണ്ടെങ്കിൽ, അവയെ ഉൾക്കൊള്ളാനുള്ള കഴിവും ശക്തിയുമുണ്ടെങ്കിൽ അത് ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയ്ക്കാണ്,” രാജമൗലി കൂട്ടിച്ചേർത്തു.

ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരെ ആർആർആറിലേക്ക് ആകർഷിക്കാൻ വേണ്ടിയാണോ അജയ് ദേവ്ഗൺ, ആലിയ പോലുള്ള ബോളിവുഡ് താരങ്ങളെ കൊണ്ടുവന്നത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു രാജമൗലിയുടെ ഉത്തരം. “അല്ല, അക്കാര്യത്തിൽ എനിക്ക് വളരെ ഉറപ്പുണ്ട്. ഞാൻ മക്കിയോ ബാഹുബലിയോ നിർമ്മിച്ചപ്പോൾ, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭത്തിനായി മറ്റ് ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ ഞാൻ കൊണ്ടുവന്നിട്ടില്ല. കഥാപാത്രത്തിന്റെ വ്യക്തിത്വസവിശേഷതകളെ പൂർണ്ണരാക്കാൻ കഴിയുന്ന അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്.”
“കൂടുതൽ സംസ്ഥാനങ്ങളും കൂടുതൽ ഭാഷകളും ഉൾപ്പെടുന്ന ഒരു വലിയ പ്രേക്ഷകസമൂഹത്തോട് കഥ പറയുന്നതിന് വേണ്ടിയാണ് ഞങ്ങൾ വലിയ സ്കെയിലിലുള്ള സിനിമകൾ നിർമ്മിക്കുന്നത്. ഒരു ഫിലിംമേക്കർ എന്ന നിലയിൽ, ഞാൻ അത്യാഗ്രഹിയാണ്, കൂടുതൽ പ്രേക്ഷകർ എന്റെ കഥ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നെനിക്കറിയില്ല, പക്ഷേ ഇത് തീർച്ചയായും പോസിറ്റീവായൊരു കാര്യമാണ്,” രാജമൗലി കൂട്ടിച്ചേർത്തു.