ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പടുകൂറ്റന്‍ വിജയത്തിനു ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സംവിധായകന്‍ തന്റെ ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, തേജ എന്നിവരെ നായകന്മാരാക്കിയാണ് മൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ ടൈറ്റില്‍ അല്ലെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്ന നിലയില്‍ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്.

രാജമൗലി, രാം ചരണ്‍, രാമറാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍ ഉപയോഗിച്ചാണ് ആര്‍.ആര്‍.ആര്‍ എന്ന ഹാഷ് ടാഗിലൂടെ വീഡിയോ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ നായികയായി സാമന്ത എത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നായികാ കഥാപാത്രമാകാന്‍ റാഖി ഖന്നയേയും റാകുല്‍ പ്രീതിനേയും പരിഗണിക്കുന്നു എന്നും അറിയാന്‍ കഴിയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ