ബാഹുബലി ആദ്യഭാഗം കഴിഞ്ഞതു മുതൽ ഏവരും കാത്തിരിക്കുകയായിരുന്നു ബാഹുബലി രണ്ടാം ഭാഗത്തിനായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടാം ഭാഗമെത്തി. ആരാധകർ ഇരുകൈയ്യും നീട്ടി ചിത്രത്തെ സ്വീകരിക്കുകയും ചെയ്തു. രണ്ടാം ഭാഗത്തിനുശേഷം ഏവരും ചിന്തിച്ചത് ചിത്രത്തിനു മൂന്നാം പതിപ്പ് ഉണ്ടാവുമോ എന്നായിരുന്നു. സംവിധായകൻ എസ്.എസ്.രാജമൗലിയുടെ ഇതിനോടുളള പ്രതികരണങ്ങൾ ആരാധകർക്ക് നിരാശ പകരുന്നതായിരുന്നു. പക്ഷേ ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.

ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റ്യൂട്ടിൽ ബാഹുബലി 2 വിന്റെ സ്രീകിനിങ് ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ ഉയർന്ന ചോദ്യത്തിനാണ് രാജമൗലി മൂന്നാം ഭാഗം വരുമോ എന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.

”സിനിമയ്ക്ക് നമുക്കൊരു വിപണിയുണ്ട്. എന്നാൽ ഏവരുടെയും ശ്രദ്ധ നേടുന്ന ഒരു കഥയില്ലാതെ സിനിമ ചെയ്യുന്നത് സത്യസന്ധമായ ചലച്ചിത്ര പ്രവർത്തനമായിരിക്കില്ല. എന്റെ അച്ഛൻ ബാഹുബലി ആദ്യ രണ്ടു ഭാഗങ്ങളുടെ കഥ പോലെ നല്ലൊരു കഥയുമായി വരികയാണെങ്കിൽ ബാഹുബലിക്ക് അവസാനം ഉണ്ടാകില്ല. തീർച്ചയായും മൂന്നാം ഭാഗം ചെയ്യുമെന്നും” രാജമൗലി പറഞ്ഞു.

ബാഹുബലി സിനിമയുടെ രണ്ടു ഭാഗങ്ങളുടെയും കഥ എഴുതിയത് രാജമൗലിയുടെ അച്ഛൻ കെ.വി.വിജയേന്ദ്ര പ്രസാദ് ആണ്. സൽമാൻ ഖാൻ നായകനായ ഹിറ്റ് ചിത്രം ബജ്‌രംഗി ഭായ്ജാന്റെ കഥ എഴുതിയതും ഇദ്ദേഹമാണ്.

മഹാഭാരതം സിനിമയാക്കുന്നതിനെക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ”മഹാഭാരതം ഞാൻ ചെയ്യും. പക്ഷേ അതുടനെ ഇല്ല. 10 വർഷമെങ്കിലും സമയമെടുക്കും”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ