ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ആർആർആറി’നു പകരം ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ താൻ നിരാശനായിരുന്നുവെന്ന് എസ്എസ് രാജമൗലി. ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള സംഭാഷണത്തിനിടെയാണ് രാജമൗലി ഇക്കാര്യം തുറന്നു പറഞ്ഞത്. “അതെ, അത് നിരാശാജനകമായിരുന്നു. പക്ഷേ, എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്നതിനെക്കുറിച്ച് തന്നെ ചിന്തിച്ചിരിക്കുന്ന ആളുകളല്ല ഞങ്ങൾ. സംഭവിച്ചത് സംഭവിച്ചു.”
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ‘ആർആർആറി’നെ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കുമെന്ന് രാജമൗലിയടക്കം നിരവധിയാളുകൾ പ്രതീക്ഷിച്ചിരുന്നു. ആർആർആറിന് ഒരു അക്കാദമി അവാർഡ് ലഭിക്കാനുള്ള ഉയർന്ന സാധ്യതയുണ്ടെന്നും പലരും വിലയിരുത്തിയിരുന്നു. അതിനിടയിൽ, അധികം അറിയപ്പെടാത്ത ഗുജറാത്തി ചിത്രമായ ചെല്ലോ ഷോയെ (ദി ലാസ്റ്റ് ഫിലിം ഷോ) തിരഞ്ഞെടുത്തതാണ് നിരാശപ്പെടുത്തിയതെന്നും രാജമൗലി വ്യക്തമാക്കി.
അതേസമയം ഒരു ഇന്ത്യൻ സിനിമ എന്ന രീതിയിൽ ചെല്ലോ ഷോ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും രാജമൗലി കൂട്ടിച്ചേർത്തു. “ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം ഇതൊരു ഇന്ത്യൻ സിനിമ കൂടിയാണല്ലോ. കൂടാതെ ഇത് ഓസ്കാർ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഞാനതിൽ വളരെ സന്തോഷവാനാണ്.”
“ആർആർആറിന് ഉയർന്ന സാധ്യതയുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പ്രത്യേകിച്ച് അമേരിക്കയിൽ ആർആർആറിന് വലിയ അവസരമുണ്ടെന്ന് എല്ലാവർക്കും തോന്നി. എന്നാൽ കമ്മിറ്റി (ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ)യുടെ മാർഗനിർദേശങ്ങൾ എന്താണെന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല.”
ജൂറി ഏകകണ്ഠമായാണ് ‘ചെല്ലോ ഷോ’ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്ഐ) പ്രസിഡന്റ് ടിപി അഗർവാൾ മുൻപ് ഇന്ത്യൻ എക്സ്പ്രസ്.കോമിനോട് പ്രതികരിച്ചിരുന്നു. “’ചെല്ലോ ഷോ’ ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു. 17 പേരിൽ എല്ലാവരും പറഞ്ഞു, ഈ സിനിമയാണ് തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന്. അതിനാൽ ഇത് പൂർണ്ണമായും ജൂറിയുടെ തീരുമാനമായിരുന്നു.”
ആർആർആർ അല്ലെങ്കിൽ ദി കശ്മീർ ഫയൽസ് മത്സരത്തിനുണ്ടോ എന്ന് ചോദിച്ചപ്പോൾ, “കാശ്മീർ ഫയൽസും ആർആർആറും ഇതിന് മുന്നിൽ ഒരിടത്തും ഇല്ലായിരുന്നു. ജൂറിക്ക് ഈ സിനിമ മാത്രമേ ആവശ്യമുള്ളൂ,’എന്നും അഗർവാൾ വ്യക്തമാക്കി. മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലെ ഓസ്കാർ ഷോർട്ട്ലിസ്റ്റിൽ ചെല്ലോ ഷോ ഇടം നേടിയപ്പോൾ ആർആർആറിന്റെ നാട്ടു നാട്ടു മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. ജനുവരി 24ന് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിക്കും.