മലയാളത്തിന്റെ ആദ്യത്തെ ദേശീ സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സാക്ഷാൽ രാജമൗലി. ആർആർആർ (രുധിരം രണം രൗദ്രം) സിനിമയുടെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു രാജമൗലിയുടെ പ്രതികരണം.
“നന്ദി സൂപ്പർ ഹീറോ, മിന്നൽ മുരളി. അതിശയകരം. എപ്പോഴാണ് നമ്മുടെ സ്വന്തം സൂപ്പർ ഹീറോ ഉണ്ടാവുക എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഇപ്പോഴിതാ, സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ ടൊവിനോ തോമസ് ഇവിടെ എത്തിയിരിക്കുന്നു. വന്നതിന് നന്ദി ടൊവിനോ,” രാജമൗലി പറഞ്ഞു. ആർആർആറിന്റെ കേരള പ്രമോഷൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ടൊവിനോ.
“ആർആർആറിനായി ഞാനും കാത്തിരിക്കുന്നു. ജനുവരി ഏഴിന് ആർആർആർ ഇറങ്ങുമ്പോൾ ആദ്യം തിയേറ്ററിൽ പോയി കാണുന്ന ഒരാൾ ഞാനായിരിക്കും,” എന്നും ടൊവിനോ പറഞ്ഞു.
ആർആർആറിന്റെ പ്രമോഷന്റെ ഭാഗമാവാൻ ടൊവിനോ എത്തിയതിലുള്ള സന്തോഷം രാം ചരണും ജൂനിയർ എൻടിആറും പങ്കുവച്ചു. “എന്റെ സഹോദരൻ ടൊവിനോ. എന്തൊരു വ്യത്യസ്തനായ നടനാണ് നിങ്ങൾ. മലയാളത്തിലെ എല്ലാ നടന്മാരുടെയും വ്യത്യസ്തത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മിന്നൽ മുരളിയ്ക്കും ആശംസകൾ,” ജൂനിയർ എൻടിആർ പറഞ്ഞു.
ബാഹുബലിയുടെ വന്‍വിജയത്തിന് ശേഷം ആർആർആറുമായി രാജമൗലി വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരണ്‍, ജൂനിയര്‍ എൻടിആറും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു പിക്‌ചേര്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ധനയ്യ നിര്‍മ്മിച്ച് എസ്. എസ് രാജമൗലി സംവിധാനം നിര്‍വഹിച്ച ചിത്രത്തിൽ റാം ചരണ്‍ , ജൂനിയര്‍ എന്‍. ടി. ആര്‍ , അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനുവരി ഏഴാം തീയതിയാണ് ആര്‍ആര്‍ആര്‍ റിലീസ് ചെയ്യുന്നത്.