ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ഒരു മാസമായിട്ടും ചിത്രം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകൻ രാജമൗലിയാണ് ഇപ്പോൾ ദൃശ്യം 2 കണ്ട് സംവിധായകൻ ജീത്തു ജോസഫിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
ദൃശ്യം2 കണ്ടതിന് ശേഷമാണ് താൻ ചിത്രത്തിന്റെ ആദ്യ ഭാഗം കാണുന്നതെന്നും അതൊരു മാസ്റ്റർ പീസാണെന്നും രാജമൗലി പറയുന്നു. ജീത്തു ജോസഫിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. ജീത്തു തന്നെയാണ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. രാജമൗലിക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
Thank you Rajamouli sir… I am honored…you made my day.
Posted by Jeethu Joseph on Saturday, 13 March 2021
“ഹായ് ജീത്തു, ഇത് സംവിധായകൻ രാജമൗലിയാണ്. കുറച്ചു ദിവസം മുൻപാണ് ദൃശ്യം 2 കണ്ടത്. അതിന് പിന്നാലെ ആദ്യഭാഗവും കണ്ടു. ദൃശ്യം ഫസ്റ്റിന്റെ തെലുങ്ക് പതിപ്പായിരുന്നു റിലീസായപ്പോള്‍ കണ്ടിരുന്നത്. ദൃശ്യം സെക്കന്‍ഡ് സംവിധാനവും തിരക്കഥയും എഡിറ്റിംഗും അഭിനയവുമെല്ലാം അമ്പരപ്പിക്കുന്നതാണ്. പക്ഷേ സിനിമയുടെ തിരക്കഥ അതിനുമപ്പുറം മറ്റെന്തോ ആണ്. അതേ, അത് ലോക നിലവാരമുള്ള ഒന്നാണ്. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം, അത്ര തന്നെ കെട്ടുറപ്പുള്ള അവതരണം, ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ല ഈ സിനിമ. കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ നിങ്ങളില്‍ നിന്നുണ്ടാകട്ടെ,” എന്നായിരുന്നു രാജമൗലിയുടെ സന്ദേശം.
Read More: വീട്ടിലിരുന്ന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ‘ദൃശ്യം 2’ ആസ്വദിച്ച് മോഹൻലാൽ, വീഡിയോ
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദൃശ്യം 2’ ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ഒരു ക്രൈം ത്രില്ലറായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കിയില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.