ഷാരൂഖ് ഖാന്റെ അഭിനയത്തെ പ്രകീർത്തിച്ച് പ്രശസ്‌ത ബ്രസീലിയൻ നോവലി‌സ്റ്റ് പൗലോ കൊയ്‌ലോ. ഹോളിവുഡിൽ പക്ഷപാതമില്ലായിരുന്നെ‌ങ്കിൽ 2010ൽ ഇറങ്ങിയ മൈ നെയിം ഈസ് ഖാനിലെ അഭിനയത്തിന് ഷാരൂഖിന് ഓസ്കർ നേടാൻ അർഹതയുണ്ടായിരുന്നുവെന്നാണ് പൗലോ കൊയ്‌ലോ ട്വിറ്ററിൽ കുറിച്ചത്.

ചിത്രത്തിന്റെ ഏഴാം വാർഷികത്തിലാണ് പൗലോ കൊയ്‌ലോ ഈ പ്രശംസ നടത്തിയത്. പ്രശസ്‌ത നോവലായ ആൽക്കെമിസ്റ്റിന്റെ കഥാകൃത്ത് ഇപ്പോഴാണ് ചിത്രം കാണാനായതെന്നും താൻ കണ്ട ഏക ഷാരൂഖ് ഖാൻ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് ഷാരൂഖ് നന്ദി പറഞ്ഞു. ഇത്തരം ചിത്രങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നത് ദുഖകരമാണെന്നും ഇത്രയും നല്ല സിനിമ തനിക്ക് നൽകിയതിന് പിന്നണിപ്രവർത്തകരോട് നന്ദിയുണ്ടെന്നും ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.

ചിത്രത്തിന്റെ സംവിധായകൻ കരൺ ജോഹർ പൗലോ കൊയ്‌ലോയ്‌ക്കും ഷാരൂഖിനും തിരിച്ച് നന്ദി അറിയിച്ചു.

കരൺ ജോഹർ ചിത്രമായ മൈ നെയിം ഈസ് ഖാനിലെ ഷാരൂഖിന്റെ മുസ്ലിം കഥാപാത്രം തീവ്രവാദിയാണെന്നു തെറ്റിദ്ധരിക്കുകയും അതേ ചുറ്റിപറ്റിയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ