scorecardresearch
Latest News

ഒരിക്കൽ തിരസ്കരിച്ച സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചെത്തിയപ്പോൾ, കാലം കണക്ക് തീർത്ത കഥ പറഞ്ഞ് ശ്രീവിദ്യ: വീഡിയോ

എന്നെ കണ്ടാൽ ചോ രാമസ്വാമിയെ പോലെ ഇരിക്കുന്നു. ആ കുട്ടിക്ക് ഹെഡ് ലൈറ്റ് പോലുള്ള രണ്ടു കണ്ണുമാത്രമേയുള്ളൂ, വേറെ എന്തുണ്ട് എന്നൊക്കെ ചോദിച്ച ആളാണ്

Sreevidya, Throwback Thursday, Srividya interview, Sridivya video interview

മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. സൗന്ദര്യത്തികവിനൊപ്പം അഭിനയമികവും ഒത്തിണങ്ങിയ ശ്രീവിദ്യ ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ചതിനു ശേഷമാണ് അരങ്ങൊഴിഞ്ഞത്. പതിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ ശ്രീവിദ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെയും തിരക്കുള്ള നായികയായി മാറുകയായിരുന്നു.

ജീവിതം സമ്മാനിച്ച വേദനകളെയും ദുരന്തങ്ങളെയും ജീവിതത്തിലെ ഒറ്റപ്പെടലിനെയുമെല്ലാം അതിജീവിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ശ്രീവിദ്യയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “എന്നെ സംബന്ധിച്ച് ഓർമ ഒരു അനുഗ്രഹമാണ്, അതുപോലെ ശാപവുമാണ്. ചിലതെല്ലാം മറക്കാൻ ആഗ്രഹിച്ചിട്ടും കഴിയുന്നില്ല,” എന്ന മുഖവുരയോടെയാണ് താരം മനസ്സു തുറക്കുന്നത്. എസിവിയ്ക്ക് നൽകിയ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: മൃതദേഹം വിട്ടുകൊടുക്കൂ, പണം ഞാനടയ്ക്കാം, മുൻകാല നായികയ്ക്ക് വേണ്ടി കമൽ നടത്തിയ ഇടപ്പെടൽ

ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്പുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീവിദ്യ പറയുന്നു. “എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്,” പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു.

Sreevidya, Throwback Thursday, Srividya interview, Sridivya video interview

ഒരിക്കൽ അപമാനിച്ച ഒരു സംവിധായകൻ ഡേറ്റ് ചോദിച്ച അനുഭവവും, ഒരു സിനിമയിൽ നിന്ന് തന്നെ പുറത്താക്കിയ സംവിധായകൻ പിന്നീട് മാപ്പ് പറഞ്ഞ കഥയുമൊക്കെ വീഡിയോയിൽ ശ്രീവിദ്യ പങ്കുവയ്ക്കുന്നുണ്ട്.

“എന്നെ തഴഞ്ഞ, അവഗണിച്ച, പുറന്തള്ളിയ ഒരുപാട് പേരുടെ കൂടെ പിന്നീട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കെ എസ് ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മിൽ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞിരുന്നു. കുറേനാളുകൾ ഞങ്ങൾ കണ്ടാൽ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല. പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാൻ നല്ല നിലയിലെത്തിയിരുന്നു), എന്റെ സിനിമയുടെ ലൊക്കേഷനിൽ കയറിവന്ന് കൈയിൽ പിടിച്ചിട്ട് അദ്ദേഹമെന്നോട് അമ്മാ… എന്നോട് ക്ഷ്മിക്കണം, ഞാൻ നിന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു.”

“തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇൻസ്റ്റിറ്റ്യൂഷൻ. ഒരുപടത്തിൽ നിന്ന് അദ്ദേഹമെന്നെ കട്ട് ചെയ്ത സംഭവമായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകൻ സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ, എന്തോ ഉണ്ടായിട്ടാണെന്നു കരുതി ഒന്നു രണ്ടു സിനിമകൾ വേറെയും എനിക്ക് നഷ്ടപ്പെട്ടു.”

“ആളുകൾക്ക് ഒരു ഈഗോയുണ്ട്, 90 ശതമാനം ആളുകളും അത് വിട്ട് നേരിട്ട് വന്ന് മാപ്പ് പറയുകയൊന്നുമില്ല, അതും വേറൊരു സംവിധായകന്റെ സെറ്റിലെത്തി. ഗോപാലകൃഷ്ണൻ സാർ മാപ്പ് പറഞ്ഞ്, എന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ശരിയെന്നു പറഞ്ഞു, അങ്ങനെ ചെയ്ത സിനിമയാണ് ‘റൗഡി റാക്കമ്മ’.” ശ്രീവിദ്യ പറയുന്നു.

Sreevidya, Throwback Thursday, Srividya interview, Sridivya video interview

ജെമിനി ഗണേശനുമായി ബന്ധപ്പെട്ട ഒരു അനുഭവവും ശ്രീവിദ്യ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. “ആ കുട്ടിക്ക് ഹെഡ് ലൈറ്റ് പോലുള്ള രണ്ടു കണ്ണുമാത്രമേയുള്ളൂ, വേറെ എന്തുണ്ട് എന്ന് പറഞ്ഞ് ജെമിനി ഗണേശൻ എന്നെ ഒരു സിനിമയിൽ നിന്നും മുൻപ് കട്ട് ചെയ്തതാണ്. അതേ ജെമിനി ഗണേശൻ സാർ ‘അപൂർവ്വ രാഗങ്ങൾ’ എന്ന ചിത്രത്തിന്റെ നൂറാം ദിവസം എന്നോട് സംസാരിക്കാൻ വന്നു, ശ്രീവിദ്യയുടെ കണ്ണുകൾ എന്തു മനോഹരമാണ് എന്നു പറഞ്ഞു. പിന്നെ എന്താണ് അങ്കിൾ അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചപ്പോൾ, ‘അന്ന് അതങ്ങനെ സെറ്റായിട്ടില്ലായിരുന്നു… അതൊക്കെ വിടൂ, നന്നായി വരട്ടെ,’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. അത് വിടൂ എന്നൊക്കെ പറഞ്ഞ്. എന്നെ കണ്ടാൽ ചോ രാമസ്വാമിയെ പോലെ ഇരിക്കുന്നു എന്നായിരുന്നു അദ്ദേഹം മുന്നേ പറഞ്ഞത്.”

Sreevidya, Throwback Thursday, Srividya interview, Sridivya video interview

ജീവിതത്തിലെ പ്രണയങ്ങൾ, നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമൊത്തുള്ള വിവാഹബന്ധത്തിലെ തകർച്ച തുടങ്ങിയവയെ കുറിച്ചും ശ്രീവിദ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. “എനിക്ക് നല്ല സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ കുറവാണ്. ഓരോ വർഷവും 15 പടമൊക്കെ ഞാൻ ചെയ്തിരുന്നു. ഒമ്പത് വർഷമൊക്കെ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ചു. വിവാഹജീവിതം അതിനിടയിൽ തകർന്നു. അതു നിയന്ത്രിക്കാൻ ഉള്ള ശക്തിയെനിക്കില്ലായിരുന്നു, ആരോടെങ്കിലും ഉപദേശം ചോദിക്കാനും തോന്നിയില്ല. ഒടുവിൽ ഒരു തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. അദ്ദേഹമെന്നെ അടിച്ചു, അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. അടുത്ത ദിവസം മുതൽ തന്നെ ജോലിയ്ക്ക് പോവുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ഉലയുന്ന ആളാണ് ഞാൻ, പക്ഷേ ജീവിതത്തിൽ ഏറ്റവും വലിയ ഷോക്ക് വന്നപ്പോൾ ഞാൻ കല്ലുപോലെ ഉറച്ചു നിന്നു. എന്റെ ക്ഷമയും ദൈവത്തോടുള്ള അടുപ്പവുമാണ് എന്നെ നിലനിർത്തുന്നത്.”

Read more: ചുംബനം കൊണ്ട് മുറിവേറ്റവര്‍!

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Srividya actress old interview video throwback thursday