/indian-express-malayalam/media/media_files/uploads/2022/11/Sreenivasan.png)
മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്‍ വീണ്ടും സിനിമ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ് കേളേജില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന 'കുറുക്കന്‍'എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. മകന്‍ വിനീതിന്റെ കൈപിടിച്ചാണ് താരം ലൊക്കേഷനിലെത്തിയത്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കന്‍'. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'അച്ഛന്‍ ആശുപത്രിയില്‍ നിന്നു വന്ന ശേഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയാണിത്. ഒരുപാട് അഭിനേതാക്കള്‍ ഇതിനുവേണ്ടി സഹകരിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നു അച്ഛനുളള ഏറ്റവും നല്ല മരുന്ന് സിനിമയായിരിക്കും. സന്തോഷം ഉണ്ടാകുന്നത് ജോലി ചെയ്യുമ്പോഴാണ്. സിനിമയില്‍ സജീവമായി അച്ഛന്‍ പഴയ പോലെയാകുമെന്നാണ് പ്രതീക്ഷ' വിനീത് പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീനിവാസന്‍ മുന്നൊരുക്കം എന്ന രീതിയില്‍ സംഭാഷണങ്ങള്‍ പഠിച്ചിരുന്നെന്നും, മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ശ്രീനിവാസന്‍ കഥാപാത്രമായിരിക്കും ഈ സിനിമയിലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസനൊപ്പം ഭാര്യ വിമലയും സെറ്റില്‍ എത്തിയിരുന്നു. മറ്റു അഭിനേതാക്കളോടു ഊര്‍ജസ്വലനായി സംസാരിക്കുന്ന ശ്രീനിവാസനെ വീഡിയോയില്‍ കാണാം. രാഹുല്‍ റിജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'കീടം' ആണ് ശ്രീനിവാസന്റെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.