കീർത്തി സുരേഷിന്റെ അമ്മൂമ്മയ്ക്കൊപ്പമുള്ള രസകരമായ ടിക്- ടോക് ഡബ്ബ്മാഷ് വീഡിയോ പങ്കുവെയ്ക്കുകയാണ് നടൻ ശ്രീനിഷ് അരവിന്ദ്. കീർത്തിയും ശിവകാർത്തികേയനും അഭിനയിച്ച ‘റെമോ’ എന്ന ചിത്രത്തിലെ ‘ഹൊയ്…. എനിക്ക് എപ്പെ ഓകെ സൊല്ലുവാ?’ എന്നു തുടങ്ങുന്ന പ്രപ്പോസൽ രംഗമാണ് ശ്രീനിഷും സരോജമ്മയും കൂടി പുനരാവിഷ്കരിച്ചിരിക്കുന്നത്. നോട്ടി ആന്റ് സ്വീറ്റ് അമ്മൂമ്മ, എന്നാണ് സരോജമ്മയെ ശ്രീനിഷ് വിശേഷിപ്പിച്ചിരിക്കുന്നത്. “പേളിക്കുട്ടാ, ഇതെല്ലാം ചുമ്മാതാ,” എന്ന് പേളിയ്ക്കുള്ള സന്ദേശവുമുണ്ട്.
കീർത്തിയുടെ മുത്തശ്ശിയും മുൻകാല നടി മേനക സുരേഷ് കുമാറിന്റെ അമ്മയുമാണ് സരോജ. എന്നാൽ, താരമാതാവ്, താരത്തിന്റെ മുത്തശ്ശി തുടങ്ങിയ മേൽവിലാസങ്ങളിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല സരോജമ്മ. അടുത്തിടെ അഭിനയരംഗത്തും അവർ അരങ്ങേറ്റം കുറിച്ചു. ‘സണ്ടക്കോഴി2’വിലെ സരോജമ്മയുടെ അഭിനയം അവർക്കേറെ അനുമോദനം നേടികൊടുത്തിരുന്നു.
മേനക അഭിനയിക്കുന്ന കാലം മുതൽ സിനിമാസെറ്റുകളിലെ സന്തത സഹചാരിയായ സരോജാമ്മ, കൊച്ചുമകൾ കീർത്തിയ്ക്ക് ഒപ്പവും പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും കൂട്ടുപോവാറുണ്ടായിരുന്നു. അങ്ങനെയാണ് കീർത്തിയ്ക്കൊപ്പം ‘റെമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനുള്ള അവസരം സരോജമ്മയെ തേടിയെത്തുന്നത്.
മേനക സുരേഷിനും മകൾ കീർത്തിയ്ക്കും സരോജമ്മയ്ക്കും പുറമെ മരുമകൻ സുരേഷ് കുമാറും കൂടി അഭിനയരംഗത്ത് സജീവമാവുകയാണ് ഇപ്പോൾ.