സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില.
“ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് പിന്നിൽ ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി ശ്രീനി. നിളാ… നിനക്ക് മുന്നിൽ ഒരു അത്ഭുത നായകനുണ്ട്,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.
“ഈ വാലന്റൈൻസ് ഡേ തീർച്ചയായും വളരെ സ്പെഷൽ ആയ ഒന്നാണ്. എന്റെ ഭർത്താവ്, നിളയുടെ അച്ഛൻ, ഞാൻ ആരായിരുന്നുവെന്ന് അവനെന്നെ ഓർമ്മിപ്പിച്ചു. ഞാൻ എന്താണോ അതിനെ അവൻ സ്നേഹിക്കുന്നു. ഇത് വളരെ വൈകാരികമായൊരു ദിവസമായിരുന്നു,” മറ്റൊരു പോസ്റ്റിൽ പേളി കുറിച്ചു.
നടി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ പേളി മാണി ഇപ്പോൾ യൂട്യൂബ് വ്ളോഗർമാർക്കിടയിലെ മിന്നും താരം കൂടിയാണ്. യൂട്യൂബ് വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ പേളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂർണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാർച്ചിൽ ഇരുവർക്കും ഒരു മകൾ പിറന്നു. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.