അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയായ പേളി മാണിയുടെ 33-ാം ജന്മദിനമാണ് ഇന്ന്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു.
പിറന്നാൾ ദിനത്തിൽ പേളിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “എനിക്ക് എടുക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച തീരുമാനമാണ് നീ, എന്നെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന എല്ലാം നീയാണ്. പിറന്നാൾ ആശംസകൾ പൊണ്ടാട്ടി,” എന്നാണ് ശ്രീനി കുറിച്ചത്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.
2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും ഒരു മകൾ ജനിച്ചു, നില എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും.