അന്തരിച്ച സിനിമാ താരം ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം ഒരു പക്ഷെ യഷ് ചോപ്ര സംവിധാനം ചെയ്ത ‘ലംഹേ’ (1991) ആയിരിക്കും. ഡബിള്‍ റോളിലാണ് അവര്‍ ഈ ചിത്രത്തില്‍ എത്തുന്നത്‌. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തിയ കാര്യം അതല്ല. അമ്മയും മകളുമായി അഭിനയിക്കണം, അതും ഒരേ പുരുഷനാല്‍ പ്രണയിക്കപ്പെടുന്ന അമ്മയും മകളുമായി. വേറിട്ട കഥാതന്തു, നായകനായി ശ്രദ്ധേയനെങ്കിലും തുടക്കക്കാരനും ചെറുപ്പക്കാരനുമായ അനില്‍ കപൂര്‍. എന്നിട്ടും ശ്രീദേവി പതറിയില്ല. തനതായ രീതിയില്‍, അനായാസമായി, നൃത്തലോലയായി ശ്രീദേവി ആ അമ്മയേയും മകളേയും അഭിനയിച്ചനശ്വരരാക്കി.

ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രം അങ്ങനെ ബോളിവുഡ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ‘ക്ലാസ്സിക്’ ആയും, അഞ്ചു ദശാബ്ദം നീണ്ട യഷ് ചോപ്രയുടെ സിനിമാ ജീവിതത്തിലെഏറ്റവും മികച്ച ചിത്രമായും പിന്നീട് വിലയിരുത്തപ്പെട്ടു. എന്നാല്‍ എല്ലാറ്റിനുമുപരി ‘ലംഹേ’ ഒരു ശ്രീദേവി ചിത്രമായിരുന്നു-അവര്‍ക്ക് മാത്രം അവകാശപ്പെട്ടത്, അവരുടെ പേരില്‍ മാത്രം കാലം ഓര്‍ക്കാന്‍ പോകുന്നത്.

ഹണി ഇറാനിയും റാഹി മാസൂം റാസയും ചേര്‍ന്ന് എഴുതിയ ചിത്രത്തിന്‍റെ കഥ ഇങ്ങനെയാണ്. രാജസ്ഥാനിലെ തന്‍റെ സ്വദേശത്തേക്ക് തായിസാ (വാഹീദാ റഹ്മാന്‍)നുമായി എത്തുന്ന വിരേന്‍ (അനില്‍ കപൂര്‍) അവിടെ വച്ച് സുന്ദരിയായ പല്ലവിയെ (ശ്രീദേവി) കാണുകയും, കണ്ട മാത്രയില്‍ തന്നെ അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പല്ലവി അയാളേക്കാള്‍ പ്രായത്തില്‍ മൂത്തതാണ് എങ്കിലും വിരേന്‍റെ പ്രണയത്തിന് അത് പ്രശ്നമാകുന്നില്ല. പല്ലവിയോടു തന്‍റെ പ്രണയം തുറന്നു പറയുന്നതിന് മുന്‍പ് അവള്‍ക്കു മറ്റൊരാളുമായി ഇഷ്ടമുണ്ട് എന്ന് വിരേന്‍ തിരിച്ചറിയുന്നു. അവളെ വിവാഹപന്തലിലേക്ക് വിട്ടു അയാള്‍ പിന്‍വാങ്ങുന്നു. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് പല്ലവിയും ഭര്‍ത്താവും ഒരു കാര്‍ അപകടത്തില്‍ മരിക്കുന്നു. പൂജ എന്ന് പേരുള്ള അവരുടെ പെണ്‍കുഞ്ഞിനെ തായിസായാണ് പിന്നീട് വളര്‍ത്തുന്നത്.

എല്ലാ വര്‍ഷവും പല്ലവിയുടെ ഓര്‍മ്മ ദിവസം നാട്ടില്‍ എത്തുന്ന വിരേന്‍ പൂജയ്ക്ക് സമ്മാനങ്ങളും മറ്റും മുടങ്ങാതെ കൊടുക്കും. പല്ലവിയോടുള്ള പ്രണയം തെല്ലും കുറയാത്ത വിരേന്‍ അവളെ ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കുന്നില്ല. കാരണം അവള്‍ ജനിച്ച ദിവസമാണ് പല്ലവി മരണപ്പെടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിരേന്‍ പൂജയെക്കാണുന്നത്.

പല്ലവിയുമായുള്ള അവളുടെ രൂപ സാദൃശ്യത്തില്‍ വിരേന്‍ ഒരേ സമയം അത്ഭുതപ്പെടുകയും അസ്വസ്ഥനാവുകയും ചെയ്യുന്നുണ്ട്. (മുതിര്‍ന്ന പൂജയായി അഭിനയിക്കുന്നതും ശ്രീദേവി തന്നെ).

ലണ്ടനിലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം. അവിടെ വച്ച് പൂജ വിരേനില്‍ അനുരക്തയാകുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന വിരേനെ അവള്‍ വിടാതെ പിന്തുടരുന്നു. ഒരിക്കല്‍ വിരേന്‍റെ മുറിയില്‍ തന്‍റെ ചിത്രം കണ്ട പൂജ അയാളോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ്‌ അവളാ സത്യമറിയുന്നത്, വിരേന്‍ ഇഷ്ടപ്പെട്ടിരുന്നത് തന്നെപ്പോലെയിരിക്കുന്ന തന്‍റെ അമ്മയെ ആയിരുന്നു എന്ന്.

ഇത്തരത്തില്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ സന്ദര്‍ഭങ്ങള്‍ അനവധിയുള്ള ചിത്രമായിരുന്നു ‘ലംഹേ’. ശ്രീദേവി എന്ന നടിയെ മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ചിത്രം എടുക്കാന്‍ തയ്യാറായത് എന്ന് സംവിധായകന്‍ യഷ് ചോപ്ര കരന്‍ ജോഹറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

“എല്ലാവരും പറഞ്ഞു ഇതൊരു അപകടം പിടിച്ച ചിത്രമാണ്. ഇതിന്‍റെ അവസാനമെങ്കിലും ഒന്ന് മാറ്റൂ എന്ന്. അവരോടു ഞാന്‍ പറഞ്ഞത്. ഞാനീ ചിത്രം എടുക്കുന്നത് തന്നെ ഇതിന്‍റെ അവസാനം ഇങ്ങനെയാണ്, പ്രണയം ഇങ്ങനെയാണ് എന്ന് പറയാനാണ്”, തന്‍റെ സിനിമാ വീക്ഷണത്തിന് യഷ് ചോപ്ര അടിവരയിട്ടത് ഇങ്ങനെ.

ചിത്രീകരണത്തിനിടെ നേരിട്ട പ്രതിസന്ധികളില്‍ പ്രധാനം ശ്രീദേവിയുടെ അച്ഛന്‍റെ മരണമായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തു.

“ഇതിന്‍റെ ചിത്രീകരണം ലണ്ടനില്‍ നടക്കുമ്പോഴാണ് നാട്ടില്‍ ശ്രീദേവിയുടെ അച്ഛന്‍ മരണപ്പെടുന്നത്. മരണ വാര്‍ത്ത അറിയിക്കാതെ അവരെ ലണ്ടനില്‍ നിന്നും നാട്ടിലേക്ക് കയറ്റി വിടുമ്പോള്‍ ഞാന്‍ പറഞ്ഞു, എത്ര ദിവസം വേണമെങ്കിലും കാത്തു നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന്. എന്നാല്‍ നാട്ടിലെത്തി മരണ ചടങ്ങുകള്‍ കഴിഞ്ഞു 16 ആം ദിവസം ശ്രീദേവി ഷൂട്ടിംഗിനെത്തി. അന്ന് ചിത്രീകരിക്കേണ്ടത് ഒരു ഹാസ്യ രംഗമാണ്. അത് ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ അവരോടു ചോദിച്ചു. എന്‍റെ ജോലിയാണത് എന്ന് പറഞ്ഞു ഏറ്റവും ഭംഗിയായിത്തന്നെ അവര്‍ അത് അഭിനയിച്ചു”, തന്‍റെ നായികയുടെ സമര്‍പ്പണ മനോഭാവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ.

ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിയ്ക്ക് ഫിലിംഫെയര്‍ പുരസ്കാരം ഉള്‍പ്പടെ പല പുരസ്കാരങ്ങളും ലഭിച്ചു. ഹരിപ്രസാദ് ചൗരസ്യ, ശിവ കുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു. രാജസ്ഥാനിലും ലണ്ടനിലുമായി ചിത്രീകരിച്ച ‘ലംഹേ’ വസ്ത്രാലങ്കാരത്തിനുള്ള അക്കൊല്ലത്തെ ദേശീയ പുരസ്കാരം നീത ലുല്ലയ്ക്ക് നേടിക്കൊടുത്തു .രാജീവ്‌ മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ ‘ലംഹേ’ ഒരു ബോള്‍ഡ് ചിത്രമാണ് എന്ന് ശ്രീദേവി തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ വിഖ്യാത ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തര്‍ പ്രവര്‍ത്തിച്ച ആദ്യ സിനിമ കൂടിയാണ് ‘ലംഹേ’. ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ ഫര്‍ഹാന്‍ ട്വിറ്റെറില്‍ ഇങ്ങനെ കുറിച്ചു.

“എന്‍റെ ആദ്യ ജോലി ‘ലംഹേ’യിലായിരുന്നു. ‘മേഘാ രേ മേഘാ’ എന്ന ഗാന ചിത്രീകരണം നടക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ശ്രീദേവി സ്ക്രീനിലേക്ക് പകരുന്ന ആ മാജിക് അടുത്ത് നിന്ന് കാണുന്നത്. ‘സദ്മ’ മുതല്‍ ‘ചാല്‍ബാസ്’ വരെ, ‘മിസ്റ്റര്‍ ഇന്ത്യ’ മുതല്‍ ‘ചാന്ദ്നി’ വരെ, ഓരോ തവണ അവര്‍ സ്ക്രീനില്‍ വരുമ്പോഴും കണ്ണെടുക്കാതെ നോക്കി നിന്നിട്ടുണ്ട്.

തികഞ്ഞ താരം. പ്രതിഭാശാലിയായ നടി. അപാരമായ അന്തസ്സുള്ള സ്ത്രീ.  വേഗം പോയ്‌ക്കളഞ്ഞല്ലോ നിങ്ങള്‍. ഏറ്റവും സങ്കടമുള്ള ദിവസമാണിന്ന്. സ്വസ്തി ശ്രീദേവി.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ