അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം ‘മോം’ ആയിരുന്നു. ബോക്സോഫീസില്‍ വന്‍ ഹിറ്റായി മാറിയ സ്ത്രീ പ്രാധാന്യമുളള ചിത്രത്തില്‍ ശ്രീദേവിയും പാക്കിസ്ഥാനി നടിയായ സജല്‍ അലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീദേവിയ്ക് സജല്‍ അലിയും ആദരാഞ്ജലി അര്‍പ്പിച്ചു.

‘എന്റെ അമ്മയെ എനിക്ക് വീണ്ടും നഷ്ടമായി’ എന്നാണ് സജല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മോം’ ചിത്രീകരിച്ച് കൊണ്ടിരിക്കെ ആയിരുന്നു സജലിന് സ്വന്തം മാതാവിനെ നഷ്ടമായത്. അന്ന് ശ്രീദേവി എല്ലാ പിന്തുണകളുമായി സജലിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് സ്വന്തം മകളെ പോലെയാണ് ചിത്രീകരണ വേളയില്‍ ശ്രീദേവി സജലിനോട് പെരുമാറിയതെന്ന് അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാം. പിന്നീട് പാക്കിസ്ഥാനില്‍ നിന്ന് ശ്രീദേവിക്ക് നന്ദി അറിയിച്ച് സജല്‍ ഫോണ്‍ വിളിക്കുകയും ചെയ്തു.

നേരത്തേ മോമിന്റെ വിശേഷങ്ങള്‍ പങ്കുവെയ്കകുന്നതിനിടെ സജലിനെ ഓര്‍ത്ത് ശ്രീദേവി പൊട്ടിക്കരുകയും ചെയ്തിരുന്നു. മോം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പ്രമുഖ ചാനല്‍ ഷോയ്ക്കിടെ ആയിരുന്നു ശ്രീദേവി പൊട്ടിക്കരഞ്ഞത്. പരിപാടിയുടെ വിഡിയോ അന്ന് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു.

മോം സിനിമയെക്കുറിച്ച് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കാണാന്‍ തന്റെ കൂടെ വളര്‍ത്തുമകളായി അഭിനയിച്ച സജല്‍ അലിയും ഭര്‍ത്താവായി വേഷമിട്ട അദ്‌നന്‍ സിദ്ദിഖിയും ഒപ്പമില്ലല്ലോ എന്ന കാര്യമാണ് ശ്രീദേവിയെ കരയിച്ചത്. മോം സിനിമയില്‍ ശ്രീദേവിയുടെ വളര്‍ത്തുമകളായാണ് സജല്‍ അഭിനയിച്ചത്. ഉറി സംഭവത്തെത്തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് താരങ്ങള്‍ക്ക് അന്ന് വിനയായി മാറിയത്.

സിനിമയെക്കുറിച്ചുള്ള പ്രതികരണമൊന്നും അവര്‍ അറിയുന്നില്ല. പ്രമോഷണല്‍ പരിപാടികളിലൊന്നും അവര്‍ക്ക് പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതാണ് ശ്രീദേവിയെ സങ്കടപ്പെടുത്തിയത്. പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനു മുന്‍പാണ് സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്.

‘അദ്‌നന്‍, സജല്‍, നിങ്ങളെക്കുറിച്ചോര്‍ത്താണ് എനിക്ക് സങ്കടം വരുന്നത്. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ സിനിമ ഇത്ര വലിയ വിജയമാകുമായിരുന്നില്ല. ശരിക്കും നിങ്ങളെ ഞാന്‍ മിസ്സ് ചെയ്യുന്നു’, ശ്രീദേവി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ