ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സൗന്ദര്യ സങ്കല്‍പം. കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു ശ്രീദേവിയുടെ കരിയര്‍ ഗ്രാഫിന്റെ കുതിപ്പ്. മലയാളത്തിന്റെ കൂടി അഭിനയശ്രീയായി.

1969ല്‍ പുറത്തിറങ്ങിയ കുമാരസംഭവം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യനായായിരുന്നു കുമാരസംഭവത്തില്‍ ശ്രീദേവി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1971ല്‍ ഡി.എം.പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തില്‍ ശാരദ എന്ന കൊച്ചുപെണ്‍കുട്ടിയായി വേഷമിട്ടു. എട്ടാം വയസില്‍ പൂമ്പാറ്റയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ശ്രീദേവി സ്വന്തമാക്കി.

Read More: ചുംബനമെറിഞ്ഞു വിടവാങ്ങിയ താരറാണി: മരണത്തിനു തൊട്ടു മുന്‍പ് ശ്രീദേവി പങ്കെടുത്ത പാര്‍ട്ടി ദൃശ്യങ്ങള്‍

പിന്നീട് 1976ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നീ നാലു ചിത്രങ്ങളില്‍ അഭിനയിച്ചു. തൊട്ടടുത്ത വര്‍ഷമാണ് ശ്രീദേവി ഇരട്ട വേഷത്തില്‍ അഭിനയിച്ച മലയാള ചിത്രം സത്യവാന്‍ സാവിത്രി പുറത്തിറങ്ങിയത്. അതേവര്‍ഷം തന്നെ ശ്രീദേവിയുടേതായി മലയാളത്തില്‍ പത്തു ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങി. ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം, അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, അംഗീകാരം എന്നീ ചിത്രങ്ങള്‍. അപ്പോഴേക്കും ബോളിവുഡില്‍ ശ്രീദേവി തിരക്കുള്ള നായികയായി വളര്‍ന്നിരുന്നു. തിരക്കുകള്‍ക്കിടയില്‍ 1978ല്‍ നാലുമണിപ്പൂക്കള്‍ എന്ന ചിത്രത്തില്‍ മാത്രമേ മലയാളത്തില്‍ ശ്രീദേവിയുടേതായി പുറത്തിറങ്ങിയത്.

1982ല്‍ മൊഴിമാറ്റ ചിത്രങ്ങളായ പ്രേമാഭിഷേകവും ബാല നാഗമ്മയും പുറത്തിറങ്ങി. രണ്ടും തെലുങ്കു ചിത്രങ്ങളുടെ മൊഴിമാറ്റമായിരുന്നു. പ്രേമാഭിഷേകത്തില്‍ നാഗേശ്വര റാവുവിന്റെ നായികയായും ബാലനാഗമ്മയില്‍ ശരത് ബാബുവിന്റെ നായികയായും ശ്രീദേവി എത്തിയത്.

Read More: കണ്ണൈ കലൈമാനേ: ശ്രീദേവിയെ ഓര്‍ത്ത് കമല്‍

1996ല്‍ പുറത്തിറങ്ങിയ ദേവരാഗമാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം. മലയാളികള്‍ എക്കാലവും പ്രിയപ്പെട്ട അരവിന്ദ സ്വാമി-ശ്രീദേവി ജോഡികളുടേതായിരുന്നു ഭരതന്‍ സംവിധാനം ചെയത് ദേവരാഗം. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറഞ്ഞ് പേരക്ഷകരെ വേദനിപ്പിച്ച ഈ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ വലിയ വിജയങ്ങളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ