വെളളിത്തിരയിൽ അഞ്ചു പതിറ്റാണ്ടു കാലം നിറഞ്ഞുനിന്ന സ്വപ്ന സുന്ദരി ശ്രീദേവിക്ക് യാത്രാമൊഴി. പ്രിയനടിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുംബൈയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഇന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും ശ്രീദേവിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.

ഇഷ്ടമുളള കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങൾ അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചത്. ഭർത്താവ് ബോണി കപൂറും മക്കളായ ജാൻവിയും ഖുഷിയും ശ്രീദേവിയുടെ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. മൃതദേഹം വിലാപയാത്രയായിട്ടാണ് പവന്‍ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തിൽ എത്തിച്ചത്. വെളളപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ അന്ത്യയാത്ര.

 

അന്ത്യയാത്രയിൽ ശ്രീദേവിക്ക് അടുത്തായി ഭർത്താവ് ബോണി കപൂറും മകൾ ജാൻവിയും ഉണ്ടായിരുന്നു. അമ്മയുടെ അന്ത്യയാത്ര കണ്ട് ജാൻവിക്ക് കണ്ണീരടക്കാനായില്ല. മകളെ ആശ്വസിപ്പിക്കാൻ ബോണി കപൂർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. മകളെ ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് ബോണി കപൂർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

മാർച്ച് 7 ന് ജാൻവിയുടെ 21-ാം പിറന്നാളാണ്. അമ്മ ഒപ്പമില്ലാത്ത ജാൻവിയുടെ ആദ്യ പിറന്നാൾ കൂടിയാണത്. തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാണാൻ അമ്മ കൂടെയില്ലാത്തതും ജാൻവിയെ വേദനിപ്പിക്കുന്നുണ്ട്. ജാൻവി സിനിമയിലേക്ക് വരുന്നത് ശ്രീദേവിക്ക് ആദ്യം ഇഷ്ടമില്ലായിരുന്നു. എന്നാൽ മകളുടെ ആഗ്രഹം അതാണെന്ന് അറിഞ്ഞതോടെ എല്ലാ പിന്തുണയും നൽകി ഒപ്പംനിന്നു. മകളുടെ വെളളിത്തിരയിലെ അരങ്ങേറ്റം എന്ന ആഗ്രഹം ബാക്കിവച്ചാണ് ശ്രീദേവിയുടെ മടക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook