ഒരുകാലത്ത് മലയാള സിനിമയുടെ സൗന്ദര്യ സങ്കല്‍പമായിരുന്നു ശ്രീദേവി. പ്രായം അമ്പത് കഴിഞ്ഞിട്ടും ഇന്നും മങ്ങലേല്‍ക്കാത്ത സൗന്ദര്യം. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ശ്രീദേവിയുടെ അഭിനയവും ചിത്രങ്ങളും ഇപ്പോഴിതാ പാഠ്യവിഷയമാകാന്‍ പോകുന്നു.

അനീഷ് നായര്‍ എന്നയാള്‍ തുടങ്ങാന്‍ പോകുന്ന ആക്ടിങ് സ്‌കൂളിലാണ് ശ്രീദേവിയുടെ അഭിനയവും ചിത്രങ്ങളും പാഠ്യവിഷയമാകാന്‍ പോകുന്നത്. ശ്രീദേവിയുടെ കടുത്ത ആരാധകനാണ് അനീഷ് നായര്‍. അഭിനയത്തില്‍ യുവപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങുന്ന സ്ഥാപനത്തില്‍ ശ്രീദേവിയുടെ വിജയകഥകളും വിദ്യാര്‍ത്ഥികള്‍ പഠിക്കും.

‘ശ്രീദേവിയുടെ ചിത്രങ്ങള്‍ പഠനത്തിന്റെ ഭാഗമാണ്. അവരുടെ നൃത്തത്തിന്റെ ശൈലിയും ഇവിടെ പഠനവിധേയമാകും. സിനിമയുടെ എല്ലാ വശങ്ങളും ചേര്‍ത്ത്, ആഴത്തിലുള്ള, സിലബസ് തയ്യാറാക്കുന്നതിനായി ഇതിന്റെ സ്ഥാപകന്‍ അനീഷ് നായര്‍ മറ്റ് ഫിലിം സ്‌കൂളുകളുമായും ശ്രീദേവിയുടെ ടീമംഗങ്ങളുമായി സംസാരിക്കുകയാണ്.’

ശ്രീദേവിക്കുള്ള ആദരവ് മാത്രമല്ല പാവപ്പെട്ട കുട്ടികള്‍ക്കായി സൗജന്യ അഭിനയ കളരികളും ഇവിടെ നടത്തും. ശ്രീദേവിയുടെ പേര് സ്‌കൂളിന് നല്‍കാന്‍ അവര്‍ സന്നദ്ധയായിട്ടിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും അവരാണ്. മാത്രമല്ല ഇവിടുത്തെ ഹോണററി ലക്ചറര്‍ കൂടിയാണ് ശ്രീദേവി.

മുംബൈയിലും ഹൈദരാബാദിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും സ്‌കൂള്‍ തുടങ്ങാനാണ് അനീഷ് നായര്‍ ഉദ്ദേശിക്കുന്നത്.’ ആരാധകര്‍ നല്‍കുന്ന ഈ സ്നേഹത്തിന് ഒരുപാടു നന്ദിയുണ്ട് എന്നാണ് ശ്രീദേവി ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ