നടി ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ലേലം ചെയ്തു. ‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’ എന്ന പേരിലായിരുന്നു ലേലം.

മജന്ത ബോര്‍ഡറും വെള്ളയില്‍ കറുപ്പ് വരകളുമുള്ള ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട സാരിയാണ് ലേലം ചെയ്തത്. 40,000 രൂപയുടെ സാരി ലേലം ചെയ്തു പോയത് 1.30 ലക്ഷം രൂപയ്ക്കാണ്.

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം എ്‌നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേനയാണ് ബോണി കപൂര്‍ ലേലത്തുക നല്‍കിയത്.

ചരമവാര്‍ഷികത്തിന് മുന്നോടിയായി ഫെബ്രുവരി 14ന് ശ്രീദേവിയുടെ ഓര്‍മ്മയില്‍ ഭര്‍ത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ചെന്നൈയിലെ താരത്തിന്റെ വസതിയില്‍ ഒത്തുചേര്‍ന്നിരുന്നു. അനില്‍ കപൂര്‍, അജിത്ത്, ശാലിനി എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയില്‍ വലിയൊരു ജനാവലിയെ സാക്ഷി നിര്‍ത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂര്‍ണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വര്‍ഷം തികയുമ്പോള്‍ പോലും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ