ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് നടി ശ്രീദേവി യാത്രയായത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. അവിടെ വച്ച് താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ചെന്നൈയിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ യോഗത്തിൽ നിന്ന്

നടികർ സംഘം

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തും ഹരിദ്വാറിലും നിമജ്ജനം ചെയ്തത്. ചെന്നൈയില്‍ ഇന്ന് തമിഴ് സിനിമാ ലോകം ശ്രീദേവിക്കായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ ബോണി കപൂറും പെണ്‍മക്കളും ചെന്നൈയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലുള്ള ശ്രീദേവിയുടെ വീട്ടിലേക്കാണ് മൂവരും എത്തിയിരിക്കുന്നത്. അടയാറിലെ ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് പ്രാര്‍ത്ഥനാ യോഗം. തമിഴ് ആചാരങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങുകള്‍. ഇവര്‍ക്കൊപ്പം ബോണിയുടെ സഹോദരന്‍ സഞ്ജയ് കപൂറും അടുത്ത കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്.

തമിഴ് സിനിമാ താരങ്ങളും ശ്രീദേവിക്കൊപ്പം പ്രവര്‍ത്തിച്ച മറ്റ് സിനിമാ പ്രവര്‍ത്തകരും ചടങ്ങുകളില്‍ പങ്കെടുക്കും. എന്നാല്‍ ഹിമാലയ യാത്രയിലായതിനാല്‍ രജനികാന്ത് എത്തിച്ചേരില്ല. ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാട് നല്‍കിയ ആഘാതത്തില്‍ നിന്നും ജീവിതത്തിലേക്കു തിരിച്ചുകയറാനുള്ള ശ്രമിത്തിലാണ് ബോണി കപൂറും പെണ്‍മക്കളും. ശ്രീദേവിക്ക് ബാഷ്പാഞ്ജലി അർപ്പിക്കാൻ തല അജിത്തും ഭാര്യ ശാലിനിയും എത്തി. ശ്രീദേവിയുടെ തിരിച്ചു വരവിന് കാരണമായ ചിത്രം ഇംഗ്ലീഷ് വിംഗ്ലീഷിന്റെ തമിഴ് പതിപ്പിൽ അജിത് അഭിനയിച്ചിരുന്നു.

ശ്രീദേവിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ജാന്‍വി കപൂറും മറ്റു കുടുംബാംഗങ്ങളും കുറിപ്പുകളെഴുതിയിരുന്നെങ്കിലും, സഹോദരി ശ്രീലത ഇപ്പോഴും മൗനത്തിലാണ്. മരിക്കുന്നതിന് മുമ്പ് ശ്രീദേവിക്കൊപ്പം സമയം ചെലവിട്ട വ്യക്തികളില്‍ ശ്രീലതയും ഉണ്ടായിരുന്നുവെന്നും സഹോദരിയുടെ മരണത്തെക്കുറിച്ച് പുറത്ത് സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് അധികൃതര്‍ കടുത്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ